ആരോഗ്യ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ ചോദ്യപേപ്പറുകള്‍ നല്‍കി പണംതട്ടിയ സംഭവം വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍വകലാശാലയിലെ ഉന്നതരുടെ അറിവോടെ പണംതട്ടുന്ന ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ ലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദേശം നല്‍കിയത്. ബി.എ.എം.എസ് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഒരു കോളജ് അധ്യാപകനാണ് മന്ത്രിക്ക് പരാതി നല്‍കിയത്.
പരാതി കിട്ടിയയുടന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായരെ വിളിച്ചുവരുത്തി മന്ത്രി കെ.കെ ശൈലജ വിശദീകരണം തേടിയിരുന്നു. ചോദ്യബാങ്കിലെ ചോദ്യപേപ്പറുകള്‍ പരിശോധിക്കാന്‍ കേരള സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലറും സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവുമായ ഡോ. ബി. ഇക്ബാലിനെ രാത്രിതന്നെ സര്‍വകലാശാലയിലേക്ക് അയച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ജോയിന്റ് സെക്രട്ടറി ബി.എസ് പ്രകാശ്, അണ്ടര്‍ സെക്രട്ടറി സി.ഡി ദിലീപ് എന്നിവരെയും ഐ.ടി വിദഗ്ധരുടെ സംഘത്തെയും അയച്ച് വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, വ്യാജ ചോദ്യപേപ്പര്‍ ഉണ്ടാക്കി പണംതട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മന്ത്രിയെ അറിയിച്ചത്. ചോദ്യപേപ്പര്‍ നല്‍കി പണംതട്ടുന്ന ലോബികളെ കണ്ടെത്താനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."