സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കില്ല
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയായി തുടരും. നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിവരാവകാശനിയമപ്രകാരം പുറത്തുകൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ആരോപണവിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ, ഇരുപതോളം അപേക്ഷകളാണ് റിപ്പോര്‍ട്ടിനു വേണ്ടി ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ കൂടുതലും ലഭിച്ചത് തപാലിലാണ്. ചിലത് ഓണ്‍ലൈനായും ലഭിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും 1952ലെ അന്വേഷണ കമ്മിഷന്‍ നിയമം 3(1) വകുപ്പ് പ്രകാരം ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കണമെന്നാണ് നിയമം. ഇതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തു നല്‍കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. വിവരാവകാശ നിയമപ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ട് ചോദിച്ചവര്‍ക്ക് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ കോപ്പി നല്‍കാമെന്നാണ് സര്‍ക്കാരിന് ന ിയമോപദേശം ലഭിച്ചത്. നിയമോപദേശത്തിന്റെ വിവരങ്ങളും നല്‍കാം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നുവെന്ന മറുപടിയും നല്‍കാം.
വിവരാവകാശ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നാളെ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയില്‍ നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കും. അതിലും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഇതിനിടെ, ഡല്‍ഹിയില്‍ വച്ച് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലുമായും മനു അഭിഷേക് സിങ്‌വിയുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."