ഹര്‍ത്താലില്‍ പലയിടത്തും അക്രമം: തിരുവനന്തപുരത്തും എടപ്പാളിലും കായംകുളത്തും കെ.എസ്.ആര്‍.ടി.സി. ബസിനു കല്ലേറ്
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ തന്നെ ബസിന് നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരം പൂവച്ചലിലാണ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. അതിനിടെ കായംകുളത്ത് കെ.എസ്ആര്‍ടിസി ബസ് തടഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലിസ് ലാത്തി വീശി ഓടിച്ചു.
കോഴിക്കോട്ട് എല്‍ഐസി ഓഫിസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ പുറത്താക്കിയ ശേഷമായിരുന്നു ഓഫിസ് പൂട്ടിച്ചത്.
കണ്ണൂരില്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ശാഖ അടപ്പിച്ചു.
മലപ്പുറം എടപ്പാളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെ.എസ്.ആര്‍.ടി.സി ബസ്സിന് കല്ലെറിഞ്ഞു.ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു.
കെ.എസ്ആര്‍.ടി.സി ബസ്സുകള്‍ സര്‍വിസ് അവസാനിപ്പിച്ചു: കണ്ടനകം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പാലക്കാട് തൃത്താല ആലൂര്‍ ചിറ്റപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.
ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."