ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ കിട്ടിയില്ല; പെണ്‍കുട്ടി പട്ടിണികിടന്ന് മരിച്ചു
റാഞ്ചി: ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് റേഷന്‍ ലഭിക്കാത്തതു മൂലം ഭക്ഷണമില്ലാതെ പതിനൊന്നുകാരി മരിച്ചതായി റിപ്പോര്‍ട്ട്.
ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിലല് ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയായിരുന്നു. ഭക്ഷണത്തിനുള്ള അവകാശം എന്ന പേരില്‍ ക്യാംപയില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്.
ദുര്‍ഗാ പൂജയെ തുടര്‍ന്ന് അവധിയായിരുന്നതിനാല്‍ സ്കൂളില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി പെണ്‍കുട്ടി പട്ടിണിയായിരുന്നുവെന്നും ക്യാംപെയ്ന് പ്രവര്‍ത്തര്‍ പറയുന്നു.
സെപ്തംബര്‍ 28 നാണ് സന്തോഷ് കുമാരി മരിച്ചത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബമാണ് സന്തോഷ് കുമാരിയുടേത്. സ്വന്തമായി ഭൂമിയോ മാതാപിതാക്കള്‍ക്ക് ജോലിയോ വാര്‍ഷിക വരുമാനമോ ഇല്ല. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ കുടുംബം റേഷന്‍ കാര്‍ഡിന് യോഗ്യരുമായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് റേഷന്‍ നിഷേധിച്ച സംഭവം ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രിം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ക്യാംപയ്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ജാര്‍ഖണ്ഡിനെ കൂടാതെ രാജസ്ഥാന് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കപ്പെട്ട സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി മുന്നോട്ടു പോകുമെന്ന് ക്യാംപയിന് പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."