മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും യശ്വന്ത്; കേന്ദ്രത്തിനെതിരേ ജനശക്തി ഉയരണം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാറിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. രാജ്ശക്തിക്കെതിരേ ജനങ്ങളുടെ ശക്തി മറുപടി നല്‍കണമെന്ന് യശ്വന്ത് പറഞ്ഞു.
വിദര്‍ഭയിലെ അകോളയില്‍ കര്‍ഷകരുടെ എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിന്‍ഹ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.
ഈ സമ്മേളനം ജനശക്തി ഉയരുന്നതിന്റെ തുടക്കമാകട്ടെയെന്നു പറഞ്ഞ യശ്വന്ത് സാമ്പത്തിക മാന്ദ്യത്തെയും സര്‍ക്കാര്‍ നയങ്ങളെയും അടച്ചാക്ഷേപിച്ചു.
സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനെ ഉദ്ധരിച്ചാണ് ലോക്ജനശക്തി ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത സിന്‍ഹ എടുത്തുപറഞ്ഞത്.
നമ്മള്‍ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നു. കണക്കുകളിലല്ല കാര്യം. കണക്കുകള്‍കൊണ്ട് വാദത്തിനും പ്രതിവാദത്തിനും സാധിക്കും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണത്തലവന്‍ തന്റെ മണിക്കൂറുകള്‍ നീളുന്ന പ്രസംഗത്തില്‍ രാജ്യത്തിന്റെ പുരോഗതി കണക്കുകളിലൂടെയാണ് അവതരിപ്പിക്കുന്നത്.
എത്ര കാറുകളും മോട്ടോര്‍ സൈക്കിളുകളും വിറ്റു എന്നാണ് ഭരണത്തലവന്റെ പ്രസംഗം. ഇതാണോ രാജ്യത്തിന്റെ അഭിവൃദ്ധി. വിറ്റു വിറ്റു എന്നു പറയുന്നതല്ലാതെ അദ്ദേഹം എന്തെങ്കിലും ഉത്പാദിപ്പിച്ചതായി പറയുന്നുണ്ടോ?.- മോദിക്കെതിരേ യശ്വന്ത് ആഞ്ഞടിച്ചു.
നോട്ടുനിരോധനത്തേയും അദ്ദേഹം പരിഹസിച്ചു. നോട്ടുനിരോധനത്തെപറ്റി ഇപ്പോള്‍ പ്രസംഗിക്കുന്നില്ല. കാരണം പരാജയപ്പെട്ട ഒരു സംവിധാനത്തെ കുറിച്ച് എന്തു പറയാനാണ്. നമ്മള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നികുതി ഭീകരതയെ കുറിച്ചും റെയ്ഡ് രാജിനെ കുറിച്ചും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയെ എന്തു പറയാനാകും- ഭീകരത എന്നല്ലാതെ.
ലളിതവും നല്ലതുമായ നികുതി പരിഷ്‌കാരമാകുമായിരുന്നു ജിഎസ്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ ഏറ്റവും മോശമായ സംവിധാനമാക്കി. നികുതി പരിഷ്‌കരണത്തിലെ നിയമലംഘനം ഒഴിവാക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്- യശ്വന്ത് സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."