വേങ്ങരയില്‍ സംഭവിച്ചതെന്ത്?
തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്ക് അവര്‍പോലും വലിയ വില കല്‍പ്പിക്കാറുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടുമെന്ന് യു.ഡി.എഫിന്റെയും യു.ഡി.എഫിന് തിരിച്ചടി നല്‍കുമെന്ന എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലെ സമ്മദിദായകരെന്നല്ല, ഒരാളും മുഖവിലയ്‌ക്കെടുത്തിട്ടില്ല. പക്ഷേ, ഫലം ഒരു കാര്യം വ്യക്തമാക്കുന്നു- വേങ്ങര മുസ്‌ലിംലീഗിന്റെ ഉറച്ച കോട്ട തന്നെയാണ്. അത്ര പെട്ടെന്നൊന്നും വേങ്ങര പോലെയുള്ള ഒരു മുസ്‌ലിംലീഗ് മണ്ഡലം വരുതിയിലാക്കാന്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ ലീഗുകാര്‍ സമ്മതിക്കുകയില്ല. ഈ യാഥാര്‍ഥ്യമാണ് വേങ്ങര നിവാസികള്‍ കെ.എന്‍.എ ഖാദറിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും പ്രബലമായ ഘടകം.
അപ്പോള്‍ ഒരു ചോദ്യം- വേങ്ങരയില്‍ മുസ്‌ലിംലീഗ് തിരിച്ചടി നേരിട്ടിട്ടില്ലെന്നോ? യു.ഡി.എഫിന് അഭിമാനിക്കാവുന്ന നേട്ടമാണോ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്? വസ്തുതകള്‍ നല്‍കുന്ന ഉത്തരം നിഷേധരൂപത്തിലാണ്. നാല്‍പ്പതിനായിരത്തിനുമേല്‍ ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.
2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു വേങ്ങര. യു.ഡി.എഫിന്റെ ഈ പ്രസ്റ്റീജ് സീറ്റിലെ എല്ലാ പഞ്ചായത്തുകളിലും മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ പിന്നാക്കം പോയി. 2014ലെ മുപ്പത്തിയെട്ടായിരത്തില്‍ നിന്ന് ഭൂരിപക്ഷം 23,310ലേക്ക് കുറഞ്ഞു. എ.ആര്‍ നഗര്‍, കണ്ണമംഗലം, പറപ്പൂര്‍, ഒതുക്കുങ്ങല്‍, ഊരകം, വേങ്ങര എന്നീ ആറു പഞ്ചായത്തുകളിലും മുന്‍ തിരഞ്ഞെടുപ്പുകളില്‍ നേടിയതിനേക്കാള്‍ വളരെയധികം വോട്ടുകള്‍ ലീഗിന് കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് പൊതുവെ ലീഗിന്റെയും യു.ഡി.എഫിന്റെയും ജനപിന്തുണ കുറഞ്ഞു എന്നാണ്.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള അവസരമുണ്ടായിട്ടുപോലും യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞുവെങ്കില്‍ അതിനെ തിരിച്ചടിയെന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക? തങ്ങള്‍ക്ക് വോട്ടുകള്‍ വര്‍ധിച്ചതിന് എല്‍.ഡി.എഫ് പറയുന്ന കാരണങ്ങള്‍ തള്ളിക്കളയാനാവാത്തത് വസ്തുതകളുടെ പിന്‍ബലം അതിനനുവദിക്കുന്നില്ല എന്നതിനാലാണ്. ജയിച്ചു, പക്ഷേ ജയം തോല്‍വി പോലെയാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് നിരാകരിക്കാനാവുകയില്ല.
ഈ രണ്ട് വാദമുഖങ്ങളെയും മുന്‍വിധിയില്ലാതെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ഇരു മുന്നണികളും അവിടെ മത്സരിച്ചത് ആവശ്യമായ ആത്മവിശ്വാസമില്ലാതെയാണ്. വേങ്ങരയില്‍ മുസ്‌ലിംലീഗ് ഒരു തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നത് തികച്ചും സത്യം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കകത്തുണ്ടായ ആശയക്കുഴപ്പം അവസാനിക്കുന്നതിന് മുന്‍പേ തന്നെ ലീഗിന് രംഗത്തിറങ്ങേണ്ടിവന്നു. കെ.പി.എ മജീദോ യു.എ ലത്തീഫോ മറ്റോ മത്സരിക്കുമെന്ന സാമാന്യ പ്രതീക്ഷയെ തകിടം മറിച്ചാണ് ഖാദര്‍ കയറിവന്നത്. നേതൃതലത്തില്‍ പ്രശ്‌നം പരിഹരിച്ചുവെങ്കിലും അണികളില്‍ സംഗതി ദഹിക്കതെ കിടന്നു.
വേങ്ങര സ്വദേശികൂടിയായ പാര്‍ട്ടിയുടെ സമുന്നത നേതാവാണ് കുഞ്ഞാലിക്കുട്ടി എന്നത് മറക്കരുത്. അദ്ദേഹം മത്സരിച്ചേടത്താണ് ജനസമ്മതിയുടെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ഒരു നിലയ്ക്കും പകരംവയ്ക്കാനാവാത്ത മറ്റൊരു സ്ഥാനാര്‍ഥി രംഗത്തിറങ്ങുന്നത്. സംഘടനാപരമായ ഇത്തരം പരിമിതികളില്‍പെട്ട് പാര്‍ട്ടി പ്രയാസപ്പെടുമ്പോള്‍, ഒരു തെരഞ്ഞെടുപ്പില്‍ പഴയ പ്രഭാവം അതേപടി നിലനിര്‍ത്താനാവുമെന്ന് കരുതിക്കൂടാ. ഈ പരിമിതികള്‍ സൃഷ്ടിച്ച ആത്മവിശ്വാസച്ചോര്‍ച്ചയുമായാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള മനപ്പൊരുത്തമില്ലായ്മയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിട്ട ശക്തിക്ഷയവും ആത്മവിശ്വാസം കുറയുന്നതിനുള്ള മറ്റു നിമിത്തങ്ങളാണ്. ഇടതുമുന്നണിയാണെങ്കില്‍, അധികാരത്തിന്റെ സകല ആനുകൂല്യങ്ങളുമായാണ് രംഗത്തിറങ്ങിയത്. രാജ്യവ്യാപകമായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയെച്ചൊല്ലിയുള്ള ഭീതി, കേരളത്തിലും ഇടതുപക്ഷ പാളയത്തില്‍ അഭയം തേടാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നുണ്ട്. 'ഞങ്ങളില്ലേ നിങ്ങളെ സഹായിക്കാന്‍'? എന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചോദ്യം അപ്പാടെ അവഗണിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല.
ഇത്തരം നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മതിയായ ആത്മവിശ്വാസമില്ലാതെയാണ് ലീഗ് പോരിനിറങ്ങിയത്. തെരഞ്ഞെടുപ്പ് വേദിയില്‍ പ്രത്യക്ഷപ്പെട്ട ലീഗ് നേതാക്കളുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ മതി ഇത് വ്യക്തമാവാന്‍. സി.പി.എമ്മും ഒട്ടും പ്രതീക്ഷയോടെയല്ല അങ്കത്തിനിറങ്ങിയത്. ഒന്നാമതായി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വേങ്ങര ഒരു ബാലികേറാമലയാണ്. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള രാഷ്ട്രീയ സാഹചര്യങ്ങളൊന്നും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇല്ലതാനും. എന്നുമാത്രമല്ല മുസ്‌ലിംകള്‍ക്കിടയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ അങ്ങനെയൊരാക്രമണം ദോഷം മാത്രമേ ചെയ്യുകയുമുള്ളൂ. അതിനാല്‍ സൂക്ഷിച്ചു കളിക്കേണ്ട രാഷ്ട്രീയ കാലാവസ്ഥയായിരുന്നു വേങ്ങരയിലേത് എന്നതായിരുന്നു എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ പരിമിതി. അതുകൊണ്ടുതന്നെ ഒരു 'ജയന്റ്കില്ലറെ' ഇറക്കി ജീവന്മരണപ്പോരാട്ടത്തിനൊന്നും ഇടതുമുന്നണി തയ്യാറായില്ല.
പകരം രാഷ്ട്രീയ ന്യായങ്ങള്‍ ഉയര്‍ത്തി അധ്വാനിച്ച് പോരാടി. അതിന്റെ നേട്ടം പാര്‍ട്ടിക്ക് ഉണ്ടായിട്ടുമുണ്ട്. ഭരണവിരുദ്ധ വികാരം യാതൊരു പരിക്കുമേല്‍പ്പിക്കാത്ത തരത്തില്‍ വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഈ പരിമിതിക്കിടയിലും സി.പി.എമ്മിനും എല്‍.ഡി.എഫിനും സാധിച്ചു. തോറ്റുവെങ്കിലും അതൊരു വിജയമായി ഇടതുമുന്നണി കൊണ്ടാടുന്നതിന്റെ ന്യായം ഇപ്പറഞ്ഞതാണ്.
മലപ്പുറം ജില്ലയില്‍ ലീഗിന്റെ അടിത്തറയിളകി എന്ന് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വസ്തുത മറ്റൊന്നാണ്. ലീഗിന്റെ പാര്‍ട്ടിഘടനക്ക് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇതിനേക്കാള്‍ വലിയ പരാജയങ്ങള്‍ ലീഗ് നേരത്തെ ഏറ്റുവാങ്ങിയിട്ടുണ്ട്. മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ കെ.പി.എ മജീദിനെ ടി.കെ ഹംസ തോല്‍പ്പിച്ചതോര്‍ക്കുക. അതിന്റെ ഞെട്ടലില്‍നിന്ന് മുക്തമാവും മുമ്പാണ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയവര്‍ 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
ഈ ആഘാതത്തെത്തുടര്‍ന്ന് ലീഗ് ശിഥിലമാവാന്‍ തുടങ്ങി എന്ന് വിധിയെഴുതിയതാണ് രാഷ്ട്രീയ നിരീക്ഷകര്‍. പക്ഷേ, സംഭവിച്ചതെന്താണ്? മാസങ്ങള്‍ക്കകം മുസ്‌ലിംലീഗ് തങ്ങളുടെ ശക്തി വീണ്ടെടുത്തു. ശരിയായ രീതിയില്‍ 'ഹോംവര്‍ക്ക്' ചെയ്തുകൊണ്ടാണ് പാര്‍ട്ടിയിത് സാധിച്ചെടുത്തത്. ഒരു പക്ഷേ, മറ്റൊരു പാര്‍ട്ടിക്കും സാധിക്കാത്ത രീതിയിലാണ് ലീഗ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ജനസമ്മതി തിരിച്ചുപിടിച്ചത്. അത്തരം സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല. ലീഗിന്റെ വോട്ടുശതമാനവും ഭൂരിപക്ഷവും കുറഞ്ഞു എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിഘടന ഭദ്രമാണ് എന്നും നാം സമ്മതിക്കണം. ചില താല്‍ക്കാലിക ഘടകങ്ങളാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയത്. അപരിഹാര്യമായ പ്രശ്‌നങ്ങളൊന്നും അതില്‍ അന്തര്‍ഭവിച്ചിട്ടില്ല.
എന്നാല്‍, ഈ പ്രതിഭാസത്തെ നിസ്സാരമാക്കിത്തള്ളാവുന്ന അവസ്ഥയിലല്ല ലീഗ് ഇന്ന് നിലകൊള്ളുന്നത്. വേങ്ങരയിലെയോ കേരളത്തിലെ തന്നെയോ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചല്ല മലപ്പുറം ജില്ലയിലെ സാധാരണക്കാര്‍പോലും ചിന്തിക്കുന്നത് എന്ന് പാര്‍ട്ടി തിരിച്ചറിയുക തന്നെ വേണം. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി നേടുന്ന മുന്‍കൈയുടെ പ്രതിഫലനം മുസ്‌ലിം സമ്മതിദായകരുടെമേല്‍ ഉണ്ട്. ഹൈന്ദവ രാഷ്ട്രീയത്തിന്റെ ആധിപത്യത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സിന് എത്രത്തോളം സാധിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്. കോണ്‍ഗ്രസ്സിനേക്കാള്‍ സി.പി.എമ്മാണ് കാവി രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ പ്രാപ്തര്‍ എന്ന് മുസ്‌ലിം ജനസാമാന്യം കരുതുന്നു.
പരമ്പരാഗതമായി ലീഗിന് വോട്ട് ചെയ്യുകയും എന്നാല്‍, ലീഗുകാരല്ലാതായിരിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ, ഇത്തവണയും ഒരളവോളം ഇടതു രാഷ്ട്രീയത്തിനോടൊപ്പം ചേര്‍ന്നു നിന്നിരിക്കാനാണ് സാധ്യത. സി.പി.എമ്മിന്റെ വോട്ടു വര്‍ധന ഈ പ്രതിഭാസത്തെയാണ് അടയാളപ്പെടുത്തുന്നത്. അല്ലാതെ ലീഗണികള്‍ക്കിടയിലുണ്ടായ ചോര്‍ച്ചയായി അതിനെ എണ്ണിക്കൂടാ. മാറുകയും മറിയുകയും ചെയ്യുന്ന രാഷ്ട്രീയ രഹിത വോട്ടുകളിലെ ചാഞ്ചാട്ടമായി മാത്രമേ ഇടത് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടുവര്‍ധനയെ കാണാനാവുകയുള്ളൂ.
ലീഗ് ആശയപരമായി പ്രതിനിധാനം ചെയ്യുന്നത് മുസ്‌ലിംലീഗുകാരെ മാത്രമല്ല, ലീഗുകാരല്ലാത്ത മുസ്‌ലിംകളെകൂടിയാണ്. ഈ പ്രാതിനിധ്യം നഷ്ടപ്പെടുന്നതിന്റെ തോത് വര്‍ധിച്ചാല്‍ പാര്‍ട്ടിക്ക് അത് കടുത്ത പരിക്കുളവാക്കും. ഇപ്പോള്‍ തന്നെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി എട്ടായിരത്തോളം വോട്ടുനേടി മൂന്നാംസ്ഥാനത്തെത്തി. മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ബദല്‍ രാഷ്ട്രീയം വളര്‍ത്തിയെടുക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടാണ് അവര്‍ രംഗത്തിറങ്ങിയത്.
ബി.ജെ.പിയുടെ അതിദയനീയ പരാജയമാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പിലെ അത്ഭുതങ്ങളിലൊന്ന്. ഗൗരവപൂര്‍വമായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാമമാത്ര മത്സരം പോരാ എന്ന് ദേശീയ നേതൃത്വം തന്നെ സംസ്ഥാനനേതാക്കളെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് സ്ഥാനാര്‍ഥിയെ മാറ്റി നാട്ടുകാരനായ ജനചന്ദ്രനെ തന്നെ രംഗത്തിറക്കിയത്. കുമ്മനത്തിന്റെ ജനരക്ഷായാത്ര മണ്ഡലത്തിലെത്തി ആവേശം വിതയ്ക്കുകയും ചെയ്തു. എന്നാല്‍, 32,000 വരുന്ന ഹിന്ദുവോട്ടുകളില്‍ അതൊരു ചലനമുണ്ടാക്കിയില്ല. എന്നുമാത്രമല്ല ഏഴായിരത്തില്‍നിന്ന് അയ്യായിരത്തിന്റെ തലത്തിലേക്ക് വോട്ടുകള്‍ ചുരുങ്ങി. ബി.ജെ.പിക്ക് വോട്ട് ചെയ്തുപോന്ന പലരും തീവ്ര ഹിന്ദു നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന് കരുതുന്നതാണ് ന്യായം. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അനുകൂലമായ മണ്ണല്ല കേരളമെന്ന് ഈ വോട്ടുചോര്‍ച്ച ബോധ്യപ്പെടുത്തുന്നു. പിന്നാക്കക്കാര്‍ക്കിടയില്‍ കുമ്മനത്തിന്റെ ഹിന്ദുത്വ സിദ്ധാന്തങ്ങള്‍ക്ക് വേരോട്ടമില്ല. ഇത് പാര്‍ട്ടിയെ തളര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."