താജ്മഹലിനെതിരേ എന്തിനീ താണ്ഡവം
ചരിത്രത്തെ വളച്ചൊടിച്ചും സാംസ്‌കാരിക ശേഷിപ്പുകള്‍ ഇല്ലാതാക്കിയും ഭാരതീയ പൈതൃകത്തില്‍ നിന്നു വ്യതിചലിക്കണമെന്ന് ഏതെങ്കിലുമൊരു ഭരണകൂടം തീരുമാനിച്ചാല്‍ അതിനു പിന്തുണ നല്‍കാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനാധിപത്യ മതേതരവാദികള്‍ക്കു കഴിയുമോ?
അജണ്ടകള്‍ക്കും നിലപാടുകള്‍ക്കും അനുസരിച്ച് നമ്മുടെ പൈതൃകമായ സ്മാരകങ്ങള്‍ ഇല്ലാതാകുമ്പോള്‍ ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം കാണിച്ചുകൊടുത്ത ഭാരതീയ സംസ്‌കാരം ഇല്ലാതാവുകയല്ലേ ചെയുക.
താജ്മഹല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ യമുനയുടെ തീരത്തു വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു മനോഹരശില്പം ഷാജഹാന്‍ പ്രിയതമക്ക് നല്‍കിയ സ്മരണയുടെ ഓര്‍മപ്പെടുത്തല്‍ മാത്രം അല്ല.
കലാ പാരമ്പര്യത്തിന്റെയും ശില്പചാതുരിയുടെയും വാസ്തുവിദ്യയുടെയും മഹനീയ മാതൃകയായി കാണുവാനും അതില്‍ അഭിമാനിക്കാനും സാധിക്കണം. അതോടൊപ്പം ആ കാലത്തിന്റെ ചരിത്രം കൂടിയാണത്, ലോകം ഇന്ത്യയെ നോക്കിക്കാണുന്ന അത്ഭുത നിര്‍മിതിയും. നാടിന്റെ ഈ സൗന്ദര്യ സൗധത്തെ നോട്ടമിടുമ്പോള്‍ ഇനിയും മുന്നോട്ട് പലതും പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും കാണണം.അതിന്റെ മുറിവുകള്‍ ഭാരതത്തെ സ്‌നേഹിക്കുന്ന ശതകോടി മനസ്സുകളെ മുറിപ്പെടുത്തുമെന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്കുണ്ടായില്ലെങ്കില്‍ നമുക്ക് പലതും ഭയപ്പെടാം.അമ്പലങ്ങളും പള്ളികളും ദേവാലയങ്ങളും എല്ലാം നന്മയുടെ പ്രതീകങ്ങള്‍ ആണ്.
കോടികള്‍ക്ക് കക്കൂസില്ലാത്ത രാജ്യത്തു കോടികള്‍ ചെലവിട്ടു പ്രതിമകള്‍ നിര്‍മിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയുമ്പോള്‍, മറുവശത്തു ലക്ഷങ്ങള്‍ അധ്വാനിച്ചു പടുത്തുയര്‍ത്തിയ സംസ്‌കാരത്തിന്റെ ഭാഗമായ വിയര്‍പ്പിന്റെ സ്മാരകങ്ങള്‍ തച്ചുടക്കണം എന്നു പറയുന്നത് എങ്ങനെ നീതിയായി കാണാന്‍ കഴിയും.
ആര് നിര്‍മിച്ചു എങ്ങനെ നിര്‍മിച്ചു എന്നതിലുപരി അവ സ്മരണകളാണ്, ചരിത്രപാഠ്യവസ്തുക്കളാണ്.ആ തിരിച്ചറിവ് ഇല്ലെങ്കില്‍ വിദേശാധിപത്യത്തിന് തുടക്കം കുറിച്ച 'ഗാമാ'യുടെ ആദ്യ ആഗമനത്തിന്റെ ഓര്‍മകളുടെ സ്മാരകവും ബ്രിട്ടീഷ് - ഫ്രഞ്ച്ഭരണകൂടങ്ങള്‍ പടുത്തുയര്‍ത്തിയ എല്ലാ നിര്‍മിതികളും കെട്ടിടങ്ങളും എന്തു ചെയ്യേണ്ടിവരും. എങ്കില്‍ ഇന്ത്യയുടെ മുഖം എത്രമാത്രം വികൃതമാകും. ശത്രുതയല്ല സഹവര്‍ത്തിത്വം ആണ് മഹിത പാരമ്പര്യം. സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് അധീശത്വം നടത്തിയ ലോകക്രമമല്ല ഇന്നുള്ളത്.
മതേതര വീക്ഷണമുള്ളവരുടെ യോജിച്ചുള്ള പോരാട്ടം ഉണ്ടായാല്‍ ആ കൊടികള്‍ക്ക് കീഴില്‍ നില്‍ക്കുന്നതിനു സജ്ജരായ ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്നു വരും. ഈ തിരിച്ചറിവ് പ്രത്യയശാസ്ത്ര വേര്‍തിരിവുള്ളവരിലും അടിസ്ഥാനപരമായി ഒരേ നിലപാടുകള്‍ എടുക്കാനുള്ള പ്രേരണ ഉണ്ടായാല്‍ പ്രതിരോധം ശക്തമാക്കാന്‍ കഴിയും.
അല്ലെങ്കില്‍ ജാതിയുടെയും മതത്തിന്റെയും മാത്രം അടിസ്ഥാനത്തില്‍ വേര്‍തിരിവ് നടത്തി മുതലെടുക്കേണ്ടവര്‍ അവരുടെ കൃത്യം തുടര്‍ന്നുകൊണ്ടേയിരിക്കും. ഗാന്ധിജി കണ്ടൊരു ഇന്ത്യയാണ് നമുക്ക് വേണ്ടത്.
ഇതര മതബഹുമാനവും മതേതരത്വവും കാത്തുകൊണ്ടു പുതിയ ലോകത്തെ പടുത്തുയര്‍ത്താനുള്ള വീക്ഷണമാണ് വേണ്ടത്. അവര്‍ തെളിയിക്കുന്ന വെളിച്ചം അകക്കണ്ണിലെ ഇരുട്ടുമാറ്റുമെന്നു കരുതി കാത്തിരിക്കാം.
ടി.വി മുരളി, കൂത്താളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."