രണ്ടാംഘട്ട റീസര്‍വേയുടെ പേരില്‍ 350 ജീവനക്കാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം
മലപ്പുറം: ഒന്നാംഘട്ട റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്ത കാസര്‍കോട് ജില്ലയിലേക്ക് റീസര്‍വേയുടെ പേരില്‍ വീണ്ടും കൂട്ടസ്ഥലംമാറ്റം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജോലിനോക്കുന്ന വിവിധ തസ്തികളിലുള്ള 350 സര്‍വേയര്‍മാര്‍, ഡ്രാഫ്ട്‌സ്മാന്‍മാര്‍ എന്നിവരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ ജില്ലയില്‍ നിന്ന് 20ന് റിലീവ് ചെയ്ത് കാസര്‍കോട്ട് 23 ന് ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.
എല്ലാ ജില്ലകളിലും ഒരുമിച്ച് റീസര്‍വേ നടത്തുന്നതിനു പകരം നിശ്ചിത ജില്ലകളില്‍ കേന്ദ്രീകരിച്ച് സര്‍വേ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചിലും വിവിധ ജില്ലകളില്‍ നിന്ന് കൂട്ടത്തോടെ കാസര്‍കോട്ടേക്കും ഇടുക്കിയിലേക്കും സ്ഥലംമാറ്റം നടത്തിയിരുന്നു. ഇതിലെ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഒന്നാംഘട്ടത്തില്‍ ആറുമാസം കൊണ്ട് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ശേഖരിച്ച വിവരങ്ങള്‍ ഇതുവരെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിലേക്ക് നല്‍കിയിട്ടില്ല. ഇവ ഹാര്‍ഡ് ഡിസ്‌കിലാക്കി കാസര്‍കോട് ജില്ലാ അസി.ഡയറക്ടറുടെ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. ജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ വേണ്ടത്ര അവസരം നല്‍കാതെ തയാറാക്കിയ ഒന്നാംഘട്ട റീസര്‍വേ റിപ്പോര്‍ട്ടിനെതിരേ എതിര്‍പ്പ് ഉണ്ടാകുമെന്ന് ഭയന്നാണ് ഇതിന്റെ നടപട്രികമങ്ങള്‍ അവസാനിപ്പിക്കാതെ രണ്ടാംഘട്ടം ആരംഭിക്കുന്നതെന്നാണ് സൂചന.
ഇപ്പോള്‍ രണ്ടാംഘട്ട റീസര്‍വേ നടപടികള്‍ക്ക് മുന്നോടിയായി പുതിയ വില്ലേജ് സൂപ്രണ്ടുമാരെ നേരത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് റീസര്‍വേ നടക്കുക. ഓഫിസ് പ്രവര്‍ത്തനം മാത്രം ചെയ്യുന്ന ഡ്രാഫ്ട്‌സ്മാന്‍മാരെ ഫീല്‍ഡിലേക്ക് നിയോഗിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിലെ നിര്‍ദേശത്തിനെതിരേ ഇതിനകം ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട പദ്ധതിയില്‍ സര്‍വേ ചെയ്തത് ഏകദേശം 8000 ഹെക്ടര്‍ പ്രദേശമായിരുന്നു. എന്നാല്‍ വേണ്ടത്ര ജീവനക്കാരില്ലാതെ രണ്ടാം ഘട്ടത്തില്‍ സര്‍വേ ചെയ്യേണ്ടത് 14000 ഹെക്ടര്‍ ആണ്. ഒന്നാം ഘട്ടത്തില്‍ എല്ലാ വില്ലേജുകളിലും ഒരു ബ്ലോക്ക് മാത്രമാണുണ്ടായിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പല വില്ലേജുകളിലും ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ട്. നേരത്തേ താമസ സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ജീവനക്കാര്‍ ഇവ സ്വയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഏകപക്ഷീയമായ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടിതിയെ സമീപിച്ച് ചില ജീവനക്കാര്‍ സ്‌റ്റേ സമ്പാദിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."