മഴ തുടരും; വരള്‍ച്ചാ ഭീഷണി ഒഴിയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഈയിടെ ലഭിച്ച കനത്ത മഴ വരള്‍ച്ചാ ഭീഷണിക്ക് ആശ്വാസമാകും. പലയിടത്തും മഴ കാലവര്‍ഷക്കുറവിന് പരിഹാരമായി. സംസ്ഥാനത്ത് ഈ മാസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോഴിക്കോട്ടാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ 11 വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കിലാണ് ശരാശരിയേക്കാള്‍ 9 ശതമാനം മഴ കൂടുതല്‍ കോഴിക്കോട്ട് രേഖപ്പെടുത്തിയത്. 99.9 എം.എം മഴ പ്രതീക്ഷിച്ച കോഴിക്കോട്ട് 108.9 എം.എം മഴ രേഖപ്പെടുത്തി. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്- 72 ശതമാനം. കാസര്‍കോട്ടും പത്തനംതിട്ടയിലും 49 ശതമാനത്തിന്റെ മഴക്കുറവുണ്ട്. എറണാകുളം ജില്ലയില്‍ മൂന്നു ശതമാനമാണ് മഴക്കുറവുള്ളത്. കാലവര്‍ഷം ഇത്തവണയും കാര്യമായി കനിയാത്ത വയനാട് ജില്ലയില്‍ 54.7 എം.എം മഴലഭിച്ചു. 31 ശതമാനത്തിന്റെ മഴക്കുറവ് വയനാട്ടിലുണ്ടായി. കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. ലക്ഷദ്വീപിലും 10 ശതമാനം മഴ അധികമായി രേഖപ്പെടുത്തി.
അതിനിടെ, കേരളത്തില്‍ ഈമാസം 20 വരെ മഴതുടരും. അറബിക്കടലിനു മുകളിലൂടെ തീരത്തേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറന്‍ കാറ്റിനു ഈര്‍പ്പം കൂടുന്നതാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഈ പ്രതിഭാസം മേഘം രൂപപ്പെടാനും ഘനീഭവിച്ച് മഴപെയ്യാനും കാരണമാകുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും മഴയ്ക്ക് കാരണമായിട്ടുണ്ട്. 20 ന് ശേഷം മഴയുടെ ശക്തികുറയുമെന്നും താപനില 30-31 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുമെന്നുമാണ് പ്രവചനം.
കാലവര്‍ഷത്തില്‍ കുറവ്
കോഴിക്കോട്: മണ്‍സൂണില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഒന്‍പത് ശതമാനം മഴക്കുറവാണുള്ളത്. 2039.7 എം.എം മഴ ലഭിക്കേണ്ടതിനു പകരം 1855.9 എം.എം മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍ ലക്ഷദ്വീപില്‍ 10 ശതമാനം അധിക മഴ ലഭിച്ചു. വയനാട്ടിലാണ് ഏറ്റവും മഴക്കുറവ്. 37 ശതമാനം. കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ രണ്ട് ശതമാനം അധികമഴ ലഭിച്ചു.
കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തിലും കേരളത്തില്‍ 62 ശതമാനത്തിന്റെ മഴക്കുറവുണ്ടായിരുന്നു. കോഴിക്കോട്ടായിരുന്നു ഏറ്റവും കൂടുതല്‍ തുലാവര്‍ഷക്കുറവ്. 82 ശതമാനം. മണ്‍സൂണ്‍ വിടവാങ്ങിയ ശേഷമേ ഇത്തവണ തുലാവര്‍ഷം സജീവമാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."