'വീറ്റോ' വേണ്ടെങ്കില്‍ ഇന്ത്യക്ക് യു.എന്നില്‍ സ്ഥിരാംഗമാവാം- നിക്കി ഹാലെ
വാഷിങ്ടണ്‍: 'വീറ്റോ' അധികാരം വേണ്ടെന്നു വെച്ചാല്‍ ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്ന് യു.എസിന്റെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ. റഷ്യയും ചൈനയുമാണ് യു.എന്‍ രക്ഷാസമിതിയുടെ നിലവിലെ ഘടനാ മാറ്റത്തിന് എതിരു നില്‍ക്കുന്നതെന്നും ഹാലെ ആരോപിച്ചു.
രക്ഷാ സമിതിയിലെ സ്ഥിരംഗങ്ങള്ക്ക് വീറ്റോ അധികാരമുണ്ട്. റഷ്യ, ചൈന, ബ്രിട്ടണ്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍. ആരും ഈ അധികാരം ഉപേക്ഷിക്കാന്‍ തയാറാല്ലെന്നും നിക്കി ഹാലെ പറഞ്ഞു. ഇന്ത്യ ഈ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ സ്ഥിരാംഗത്വത്തിന് വഴി തുറന്നേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍ സംഘടിപ്പിച്ച യു.എസ് ഇന്ത്യ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രക്ഷാ സമിതി പരിഷ്കരിക്കുന്നതിനെ യു. എസ് അനുകൂലിക്കുന്നുണ്ട്. എന്നാല്‍ യു.എസ് കോണ്‍ഗ്രസിനോ സെനറ്റിനോ ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. രക്ഷാ സമതിയിലെ മറ്റംഗങ്ങള്‍ അത് അംഗീകരിക്കില്ല. റഷ്യയും ചൈനയും ഒരു മാറ്റവും അംഗീകരിക്കില്ലെന്നും നിക്കി ഹാലെ പറഞ്ഞു.
രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവിലെ സമിതി ലോകപ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇന്ത്യയുള്‍പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത്. സമിതി പരിഷ്കരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."