രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ്: കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു തുടക്കമിട്ട ആര്‍.എസ്.എസ് തന്നെയാണ് അതിന് ഉത്തരം പറയേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ അക്രമങ്ങളിലെല്ലാം മുഖ്യ പങ്ക് ആര്‍.എസ്.എസിനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാത്രയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനായിട്ടില്ല. പയ്യന്നൂരില്‍നിന്ന് സിംഹമായി പുറപ്പെട്ട അമിത്ഷാ തിരുവനന്തപുരത്തുനിന്ന് തിരിച്ചുപോയത് എലിയായാണ്. കേരളത്തിനെതിരേ പ്രചാരണം നടത്താന്‍ 12 കേന്ദ്രമന്ത്രിമാരും നാലു സംസ്ഥാന മുഖ്യമന്ത്രിമാരുമടക്കമുള്ളവര്‍ ഇവിടെയെത്തി. ഇത് ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നാടായതിനാല്‍ അവര്‍ക്ക് യാത്ര നടത്താനായി. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇങ്ങനെ എതിര്‍ശബ്ദങ്ങള്‍ അനുവദിക്കാത്ത അവസ്ഥയാണ്. സി.പി.എം അക്രമമെന്നു പറഞ്ഞ് ആര്‍.എസ്.എസ് അക്രമത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നു യാത്ര. അവരുടെ ജാഥ തുടങ്ങിയതിനു ശേഷം സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് ആര്‍.എസ്.എസ് അക്രമം നടത്തിയത്.
കാട്ടുപുലി പൊന്മാനാവാന്‍ ശ്രമിക്കുന്നതുപോലെയാണ് അമിത്ഷാ ഇവിടെ വന്ന് അക്രമത്തിനെതിരേ പ്രസംഗിക്കുന്നത്. ഇതു പരിഹാസ്യമാണ്.
സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ സര്‍ക്കാരിനു പുറത്തുവിടാനാവില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതു പുറത്തുവന്നാല്‍ പലരും തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."