പേവിഷബാധയ്ക്ക് മരുന്നുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പേവിഷബാധയ്ക്ക് സര്‍ക്കാരിന്റെ സ്വന്തം കമ്പനിയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്ന് കുറഞ്ഞ ചെലവില്‍ വിപണിയിലെത്തും. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വെവ്വേറെയാണ് മരുന്ന് ഉല്‍പാദിപ്പിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പാലോട്ടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ കമ്പനി രൂപം നല്‍കിയാണ് മരുന്ന് ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. നാറ്റ്പാകിന്റെ മറ്റൊരു സ്ഥാപനമായ നാപ്‌കോയുമായി ഇത് സംബന്ധിച്ച കരാറായി.
മരുന്ന് ഉല്‍പാദിപ്പിക്കുന്നതിന്റെ വിശദമായ പദ്ധതി രേഖ കഴിഞ്ഞ 13ന് നാപ്‌കോ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചേക്കും. ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പേവിഷബാധയ്ക്ക് മരുന്ന് ഉല്‍പാദന, വിപണനവുമായി കമ്പനി വരുന്നത്.
പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും കമ്പനി. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം മൃഗങ്ങള്‍ക്കായുള്ളതും രണ്ടാം ഘട്ടത്തില്‍ മനുഷ്യര്‍ക്കുള്ളതുമായ മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. 150 കോടി രൂപയാണ് മൊത്തം ചെലവ് കണക്കാക്കുന്നത്. മരുന്ന് ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുമ്പോള്‍ നിലവിലുള്ള മരുന്നുകളുടെ വിലയിനേക്കാള്‍ 25 ശതമാനം കുറവുണ്ടാകും. മരുന്ന് ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതുവരെ നാപ്‌കോയുടെ സഹായമുണ്ടാകും.
നിലവില്‍ കന്നുകാലികള്‍ക്ക് പേവിഷബാധയുണ്ടായാല്‍ മരുന്ന് നല്‍കി ഭേദമാക്കാറില്ല. അതിനെ കൊന്നു കളയുകയാണ് പലരും ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് മനുഷ്യര്‍ക്കു നല്‍കുന്ന അളവില്‍ മരുന്നു നല്‍കാത്തതിനാല്‍ പലപ്പോഴും ദയാവധത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. നായ്ക്കളില്‍നിന്ന് ഏറ്റവും കൂടുതല്‍ കടിയേല്‍ക്കുന്നത് പശുക്കള്‍ക്കാണ്. തെരുവ് നായ്ക്കളുടെ കടിയേറ്റ് രോഗ ബാധയേല്‍ക്കുന്ന പശുക്കളില്‍നിന്നുള്ള പാല്‍ കുടിക്കുന്നവരെല്ലാം ചികിത്സ തേടേണ്ട സ്ഥിതിയുണ്ടാകുന്നു.
മനുഷ്യന് നല്‍കുന്ന അതേ മരുന്ന് അഞ്ചു കുത്തിവയ്പുകളിലായി മൃഗങ്ങള്‍ക്ക് നല്‍കിയാല്‍ പേവിഷബാധ ഭേദമാക്കാന്‍ കഴിയുമെന്ന് ബംഗളൂരുവിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് കണ്ടെത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് നല്‍കിയപ്പോള്‍ കൂടുതല്‍ രോഗ പ്രതിരോധ ശക്തിയും ആന്‍ഡി ബോഡി നിലവാരവും പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തി. തെരുവ് നായ്ക്കളുടെ ശല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന മരുന്ന് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാപ്‌കോയെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇവര്‍ നല്‍കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ കിഫ്ബിയ്ക്ക് കൈമാറും. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് മരുന്ന് വിപണിയിലെത്തിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് കണക്ക് കൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."