തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം
കൊല്ലം: സംസ്ഥാന സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്ഷമാക്കാനാണ് നീക്കം.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് പുതിയ ബോര്‍ഡിനെ നിയമിച്ചത്. അതിനാല്‍ തുടക്കത്തില്‍തന്നെ ബോര്‍ഡിന്റെ കാലാവധി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മൂന്നുവര്‍ഷം കാലാവധിയുള്ള ഭരണസമിതി അടുത്തമാസം 11ന് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കും. മുന്‍പ് ഇടതുസര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി കുറച്ചിരുന്നത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് വീണ്ടും മൂന്നുവര്‍ഷമാക്കിയത്.
കോണ്‍ഗ്രസുകാരായ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ മൂന്നംഗ ബോര്‍ഡില്‍ ഇടതുമുന്നണിയിലെ കെ രാഘവനാണ് സംസ്ഥാനത്തെ ഹിന്ദു എം.എല്‍.എമാരുടെ പ്രതിനിധി. ശബരിമലയിലെ സ്ത്രീ പ്രവേശനം, അബ്രാഹ്മണ ശാന്തിമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയ പ്രയാറിനെതിരേ ഇടതുപാര്‍ട്ടികളില്‍ പ്രതിഷേധം ശക്തമാണ്. 1240 ക്ഷേത്രങ്ങളുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വാര്‍ഷിക വരുമാനം ഏകദേശം 390 കോടിയെന്നാണ് കണക്ക്. ലോകത്തിലെ തന്നെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ശബരിമല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."