സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി സോളാര്‍ മുന്‍ അന്വേഷണസംഘം
തിരുവനന്തപുരം: സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നീണ്ടുപോകുന്നതിനിടെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി അന്വേഷണ സംഘം.
തങ്ങള്‍ക്കെതിരേ സര്‍ക്കാരിന് നിയമ നടപടി എടുക്കാന്‍ കഴിയില്ലെന്നും, നടപടിയില്‍ അതൃപ്തിയും അറിയിച്ച് ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്തു നല്‍കും.
ഡി.ജി.പി എ. ഹേമചന്ദ്രന്‍ നല്‍കിയ കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എ.ഡി.ജി.പി കെ. പദ്മകുമാര്‍, എസ്.പിമാരായ വി. അജിത്, റെജി ജേക്കബ്, കെ.എസ് സുദര്‍ശനന്‍, ഡിവൈ.എസ്.പിമാരായ ജെയ്‌സണ്‍ കെ.എബ്രഹാം, പി.കെ ഹരികൃഷ്ണന്‍ എന്നിവര്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ഇവരുടെ നീക്കം. തുടരന്വേഷണത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ വേണ്ടിയാണ് സമ്മര്‍ദ തന്ത്രവുമായി സേനയിലെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കി അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍ പൊലിസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്ത് പുറത്തുവന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.
അന്വേഷണ സംഘത്തിനെതിരേ നടപടിയെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്താണ് ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.
കത്ത് വിവരങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ഹേമചന്ദ്രനെ അതൃപ്തി അറിയിച്ചു. ഹേമചന്ദ്രന്‍ നല്‍കിയെന്നു പറയുന്ന കത്ത് മാധ്യമങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന് ഉടന്‍ വിവരം നല്‍കണമെന്ന് ഇന്റലിജന്‍സ് മേധാവിയോട് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഹേമചന്ദ്രന്‍ തന്നെ കത്ത് പുറത്തുവിട്ടതെന്ന സൂചനയും പൊലിസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി ഹേമചന്ദ്രനെ വിളിച്ച് അതൃപ്തി അറിയിച്ചതിനു പിന്നാലെ വിശദീകരണവുമായി ഹേമചന്ദ്രന്‍ രംഗത്തുവന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതിച്ചേര്‍ത്ത് പൊലിസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണ വിധേയരായ പൊലിസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍, ഇക്കാര്യത്തില്‍ പൊലിസ് സേനയില്‍ ഒരു വിഭാഗം സര്‍ക്കാരിന്റെ നടപടിയെ അനുകൂലിക്കുന്നുണ്ട്.അന്വേഷണ സംഘത്തെ സ്വാധീനിക്കാന്‍ സമ്മര്‍ദ തന്ത്രവുമായി സേനയിലെ ഒരു വിഭാഗം ഇറങ്ങുന്നുണ്ടെന്നും, അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചുവത്രേ.
സോളാര്‍ അന്വേഷണ ഉത്തരവ് ഇറങ്ങാന്‍ വൈകുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കത്ത് നല്‍കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനെ നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."