ആഫ്രിക്കന്‍ പോരില്‍ ഘാന
മുംബൈ: പുതുമുഖങ്ങളായെത്തി അത്ഭുത മുന്നേറ്റം നടത്തിയ നൈജറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മുന്‍ ചാംപ്യന്മാരായ ഘാന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു. ക്വാര്‍ട്ടറില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ മാലിയാണ് ഘാനയുടെ എതിരാളികള്‍. ഈ മാസം 21ന് ഗുവാഹത്തിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഘാന- മാലി മത്സരം അരങ്ങേറും.
നൈജറിനെതിരായ മത്സരത്തില്‍ രണ്ട് പകുതിയുടേയും അവസാന നിമിഷത്തിലാണ് ഘാന രണ്ട് വട്ടം വല കുലുക്കിയത്. നായകന് എറിക്ക് അയ, പകരക്കാരനായി ഇറങ്ങിയ റിച്ചാര്‍ഡ് ഡന്‍സോ എന്നിവരാണ് ഘാനയ്ക്കായി വല ചലിപ്പിച്ചത്. അട്ടിമറി മുന്നേറ്റവുമായെത്തിയ നൈജര്‍ പ്രീ ക്വാര്‍ട്ടറില്‍ ചിത്രത്തിലേ ഇല്ലായിരുന്നു. മത്സരത്തിലുടനീളം ഘാന സര്‍വാധിപത്യം പുലര്‍ത്തി. മത്സരത്തില്‍ 67 ശതമാനവും പന്ത് കൈവശം വച്ചത് ഘാനയായിരുന്നു. നൈജറിന് പന്ത് തൊടാന്‍ കിട്ടിയത് 33 ശതമാനം മാത്രം.
കടുത്ത പ്രതിരോധ മതില് കെട്ടിയാണ് നൈജര്‍ കളിച്ചത്. എന്നിട്ടും 23 തവണ ഘാന നൈജര്‍ പ്രതിരോധക്കോട്ട ഭേദിച്ചു. ഏഴോളം ഗോളവസരങ്ങള്‍ അവര്‍ തുറന്നെടുക്കുകയും ചെയ്തു. ഘാനയുടെ മുന്നേറ്റ ത്രയങ്ങളായ എറിക്ക് അയ, എഡ്മണ്ട് അര്കൊ മെന്‍സ, ഇമ്മാനുവല്‍ ടൊകൊ സഖ്യത്തെ തുടക്കത്തില്‍ പ്രതിരോധിച്ച് നിര്‍ത്തുന്നതില്‍ നൈജര്‍ വിജയിച്ചു. അതേസമയം മൂന്ന് ഗോളിന്റെ വിജയം ഘാനയ്ക്ക് ലഭിക്കുമായിരുന്നു. പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ ഘാനയ്ക്ക് സമ്മാനിച്ച എറിക്ക് അയ രണ്ടാം വട്ടം ലഭിച്ച പെനാല്‍റ്റി പാഴാക്കി. കളിയുടെ ആദ്യ പകുതി നാല് മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക് നീണ്ടപ്പോഴാണ് ഘാനയുടെ ആദ്യ ഗോള്‍. നൈജര്‍ പ്രതിരോധ താരം ഫാറൂഖ് ഇദ്രിസ എറിക്ക് അയയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഘാന ലീഡെടുത്തത്. പിന്നീട് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ റിച്ചാര്‍ഡ് ഡന്‍സോ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ നൈജര്‍ വല ഭേദിച്ച് ഘാനയുടെ വിജയം പൂര്‍ണമാക്കി.
തോറ്റെങ്കിലും പൊരുതിയാണ് കീഴടങ്ങിയതെന്ന് നൈജറിന് ആശ്വസിക്കാം. പ്രീ ക്വാര്‍ട്ടറില്‍ നൈജറിന്റെ തോല്‍വി ഭാരം കുറച്ചത് അവരുടെ ഗോള്‍ കീപ്പര്‍ ഖാലദ് ലവലിയുടെ ചങ്കുറപ്പായിരുന്നു. പന്ത് തടുക്കുന്നതിലും പന്തിന്റെ ഗതി നിര്‍ണയിക്കുന്നതിലും താരം പുലര്‍ത്തിയ ജാഗ്രതയും ഉന്നത നിലവാരമുള്ള പ്രകടനവുമാണ് ടീം പ്രതിരോധം പാളിപ്പോയ പല ഘട്ടത്തിലും നൈജറിന് തുണയായത്. എറിക്ക് അയ പെനാല്‍റ്റിയിലൂടെ ഘാനയെ മുന്നില്‍ കടത്തിയ ഗോളിനുടമയായപ്പോള് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഗോളായും അത് മാറി. ഘാനയ്ക്ക് രണ്ടാം പെനാല്‍റ്റി ലഭിച്ച സമയത്ത് കിക്കെടുത്ത അയയുടെ ഷോട്ട് ഖാലദ് ലവലി തടയുകയായിരുന്നു. ഇതും വലയില്‍ കടന്നിരുന്നെങ്കില്‍ മത്സരത്തില്‍ ഇരട്ട ഗോളും ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടാം നാലാക്കിയും ഉയര്‍ത്താന്‍ ഘാന നായകന് സാധിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."