തോമസ് ചാണ്ടി അവധിയില്‍പോകാനുള്ള തീരുമാനം മാറ്റി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി. നവംബര്‍ ഒമ്പതിന് നിയസഭാ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി മാറ്റുന്നതെന്നാണ് വിശദീകരണം. അവധിയ്ക്കുള്ള അപേക്ഷ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അദ്ദേഹം സമര്‍പ്പിച്ചിട്ടില്ല.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി വിദേശത്ത് ചികിത്സക്ക് പോകാനാണ് അവധിയെടുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
അടുത്ത മാസം ആദ്യം മുതല്‍ 15 വരെ അവധിയെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ നവംബര്‍ 9 നാണ് പ്രത്യേക മന്ത്രിസഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ മാറിനിന്നാല്‍ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിലാണ് അവധിയെടുക്കുന്നതിനുള്ള തീരുമാനം മാറ്റിയതെന്നാണ് സൂചന.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ ഇന്ന് റവന്യൂമന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ്ചാണ്ടി അവധി തേടിയത്. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."