കൊലപാതക കേന്ദ്രങ്ങളായി കോച്ചിങ് സെന്ററുകള്‍; ഹൈദരാബാദില്‍ 60 ദിവസത്തിനിടെ 50 ആത്മഹത്യകള്‍
ഹൈദരാബാദ്: വിവിധ പ്രവേശന പരീക്ഷകള്‍ക്കും മത്സര പരീക്ഷകള്‍ക്കും ഇന്ത്യയില്‍ ഏറെ പേരു കേട്ട സ്ഥലമാണ് തെലങ്കാനയിലെ ഹൈദരാബാദ്. ഹൈദരാബാദിലെ വിവിധ കോച്ചിങ് സെന്ററുകളില്‍ പഠനത്തിനു പോയവരെല്ലാം എങ്ങനെയെങ്കിലും മത്സരപരീക്ഷയെന്ന കടമ്പ കടക്കാറുമുണ്ട്. എന്നാല്‍, ഇവിടെ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈദരാബാദിലെ വിവിധ കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന അന്‍പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, കോച്ചിങ് സെന്ററുകളില്‍ നിന്നും അധ്യാപകരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങളും സമ്മര്‍ദ്ദങ്ങളും.
രാജ്യത്തെ പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്ലസ്ടു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് നേടിയാണ് സംയുക്ത ഹൈദരാബാദിലെ പ്രമുഖ കോച്ചിങ് സെന്ററിലെത്തിയത്. ഡോക്ടര്‍ ആവുക എന്നതായിരുന്നു അവളുടെ ജീവിത സ്വപ്‌നം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ വേണ്ടിയാണ് സംയുക്തയെ രക്ഷിതാക്കള്‍ കോച്ചിങ് സെന്ററില്‍ ചേര്‍ക്കുന്നത്. മൂന്ന് മാസം മുന്‍പ് ഇവിടെയെത്തിയ സംയുക്ത തിങ്കളാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. പഠനത്തില്‍ വിജയത്തിലെത്താന്‍ തനിക്ക് സാധിക്കില്ല എന്നാണ് സംയുക്ത ആത്മഹത്യ കുറിപ്പില്‍ എഴുതി വച്ചത്.
ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടാനും മികച്ച പ്രകടനം കാഴ്ച വെക്കാനും വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്നുണ്ടെന്നാണ് സംഭവത്തെക്കുറിച്ച് പഠനം നടത്തിയ ആക്റ്റിവിസ്റ്റുകള്‍ പറയുന്നത്.
ഡ്രൈവറായ സംയുക്തയുടെ അഛന്റെ സ്വപ്‌നങ്ങളാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. തന്റെ മകള്‍ ഇത്തരം സമ്മര്‍ദങ്ങള്‍ നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും തങ്ങളുടെ മക്കള്‍ ഇത്തരം കോളജുകളില്‍ സമ്മദര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്നുണ്ടോയെന്ന് മറ്റുള്ള രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് തനിക്ക് പറയാനുള്ളന്നതെന്ന് വിതുമ്പിയ വാക്കുകളില്‍ അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."