ബി.ജെ.പി നേതാക്കള്‍ക്കെതിരേയുള്ള കോഴ: കേസ് വിജിലന്‍സ് അവസാനിപ്പിച്ചു
തിരുവനന്തപുരം: ബി.ജെ.പിയിലെ ഉന്നത നേതാക്കള്‍ പ്രതിസ്ഥാനത്തു നിന്ന മെഡിക്കല്‍ കോഴ ആരോപണം വിജിലന്‍സ് അവസാനിപ്പിച്ചു. തെളിവില്ലെന്ന കാരണം പറഞ്ഞാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റി്‌പ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും കേസില്‍ കോഴ വാങ്ങിയതിനു തെളിവു കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. നേരത്തെ കേസ് അവസാനിപ്പിക്കാനൊരുങ്ങന്നതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും പണം നല്‍കിയെന്ന് പറഞ്ഞ കോളജ് ഉടമ നിലപാടില്‍നിന്ന് പിന്നോട്ടു പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്. പൊതുജന സേവകരെന്ന നിര്‍വചനത്തില്‍ വരാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടറെ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു.
വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ 5.6 കോടി രൂപ കോഴ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് വഴി ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ക്ക് നല്‍കിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.
മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്.
വിജിലന്‍സിന്റെ മൊഴിയെടുക്കലില്‍ മെഡിക്കല്‍ കോളജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളജ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. കൂടാതെ പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്താനോ ബി.ജെ.പി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും മറ്റു തെളിവുകളും പിടിച്ചെടുക്കാനോ വിജിലന്‍സ് അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."