ഭക്ഷ്യസുരക്ഷയ്ക്ക് ഇനി ദ്രുതകര്‍മ സംഘവും
കൊല്ലം: ഭക്ഷ്യോല്‍പാദന വിതരണ മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ദ്രുതകര്‍മ സംഘവും. സംഘത്തിന്റെ പരിശോധന എവിടെയും ഏതു സമയത്തുമുണ്ടാകും. ജില്ലാ ഓഫിസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയെത്തുന്ന പരാതികളും നിര്‍ദ്ദേശങ്ങളുമടക്കം വിവരം കിട്ടുന്ന മുറയ്ക്ക് മിന്നല്‍ പരിശോധന നടത്തുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഇതുവരെ നടത്തിയ 1400 പരിശോധനകളില്‍ കണ്ടെത്തിയ കുറ്റങ്ങള്‍ക്ക് എട്ടു ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം. ലൈസന്‍സിങ് രജിസ്‌ട്രേഷന്‍ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്.
ഇതിന് വിധേയരാകത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷയെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അജിത്കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജില്ലയൊട്ടാകെ രജിസ്‌ട്രേഷന്‍ മേളകള്‍ നടത്തി വരികയാണ്. ഇതുവരെ 4500ലേറെ ലൈസന്‍സുകള്‍ നല്‍കിയ ഇനത്തില്‍ 85 ലക്ഷത്തിലധികം രൂപയാണ് ഫീസായി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യവിപണന മേഖലയില്‍ ഓപറേഷന്‍ സാഗര്‍ റാണി രണ്ടാം ഘട്ട പരിശോധനയില്‍ വാടി, നീണ്ടകര എന്നിവടങ്ങളില്‍ 54 മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആറു കേസുകളെടുത്തു. മത്സ്യബന്ധനം, ശേഖരണം, സംസ്‌കരണം എന്നീ മേഖലകള്‍ വേര്‍തിരിച്ച് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 20 സ്‌കൂളുകളിലെ 200 കുട്ടികളെ പങ്കെടുപ്പിച്ച് ബോധവല്‍കരണ സെമിനാറുകളും നടത്തി. മൂന്നാം ഘട്ടത്തില്‍ 50 സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പദ്ധതി വിപുലീകരിക്കും.
സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനവും ജില്ലയിലുണ്ട്. കുടിവെള്ളം, പച്ചക്കറി, വിവിധ ഭക്ഷണസാധനങ്ങള്‍ എന്നിവയാണ് ഇതിലൂടെ പരിശോധിക്കുക. ഈ മാസം 30, 31 തിയതികളില്‍ ലാബിന്റെ സേവനം ലഭ്യമാണ്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പാലും പച്ചക്കറിയും അതിര്‍ത്തിയില്‍ തന്നെ പരിശോധിക്കുന്നതിനും മൊബൈല്‍ ലാബിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അതിര്‍ത്തിയിലെ പരിശോധന.
പരിശോധനയുടെയും ബോധവല്‍കരണത്തിന്റെയും തുടര്‍ച്ചയായി പഞ്ചായത്തുകള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയുമാണ്. ചവറ, കല്ലുവാതുക്കല്‍, ചടയമംഗലം, പത്തനാപുരം എന്നീ പഞ്ചായത്തുകളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പഞ്ചായത്തുകളായി തെരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ മേളയും ബോധവല്‍കരണ റാലിയും സംഘടിപ്പിച്ചു. ഏഴു പഞ്ചായത്തുകളെക്കൂടി ഇക്കൊല്ലം മാതൃകാ പഞ്ചായത്തുകളാക്കി ഉയര്‍ത്തനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."