HOME
DETAILS

ആയുസ് അനുഗ്രഹമാണ് അതിനെ ശപിച്ചുതള്ളരുത്

  
backup
October 20 2017 | 01:10 AM

age-and-life-old-age-prblm-dont-let-them-alone

 

ആയുസ്സിന് ദൈര്‍ഘ്യമുള്ള എല്ലാവരും അനിവാര്യമായും കടന്നുപോകേണ്ട അവസ്ഥയാണ് വാര്‍ധക്യം. ഉന്മേഷം നിറച്ച് പ്രതീക്ഷയോടെ ജീവിക്കുന്നവരുണ്ട്. നിരാശ മൂലം നിറം കെട്ട് ജീവിക്കുന്നവരും. ഈ രണ്ടു തരം മനോഭാവവും ഉണ്ടാക്കുന്നത് ഒരു പരിധി വരെ സാമൂഹ്യസാഹചര്യങ്ങളാണ്. അതുപോലെ തന്നെ ഒരു വ്യക്തിയുടെ സ്വയം രൂപപ്പെടലും പ്രധാനമാണ്.


ലോകത്താകെ 600 ദശലക്ഷത്തിനടുത്ത് മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ 100 ദശലക്ഷവും. 2050 ആകുമ്പോഴേക്ക് 315 ദശലക്ഷമാകുമെന്നുമാണ് കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 20 ശതമാനമാകും.
കേരളത്തില്‍ 2011ലെ സെന്‍സസ് പ്രകാരം 12 ശതമാനമാണ് മുതിര്‍ന്ന പൗരന്‍മാര്‍. 2026 ആകുമ്പോഴേക്കും ഇവര്‍ 20 ശതമാനമാകും. പ്രായമേറിയവരില്‍ പുരുഷന്മാരേക്കാള്‍ മൂന്നു നാല് മടങ്ങ് സ്ത്രീകളുണ്ട്.


പ്രായം ചെന്നവര്‍ ഏറുന്നതിനനുസരിച്ച്, സമൂഹത്തിന് വിഭവങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്നു. പ്രത്യേകിച്ച്, ആരോഗ്യസേവനത്തിനും പരിചരണത്തിനും. ഇവരുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ഇവരെ കര്‍മനിരതരാക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന് അത് മുതല്‍ക്കൂട്ടാണ്. തൊലി ചുളിയുകയും പല്ലുകള്‍ കൊഴിയുകയും മുടി നരക്കുകയുമൊക്കെയാണ് നമ്മള്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കി പോന്നിട്ടുള്ളത്. ജനിതകപരമായി തന്നെ നമ്മുടെ ആയുസ്സ് ഏറക്കുറെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഏകകോശജീവികളടക്കം ഏതാണ്ട് എല്ലാ ജീവികളുടെയും കോശങ്ങളും അവയവങ്ങളും പ്രായം കൂടുന്നതിനനുസരിച്ച് അപചയത്തിന് വിധേയമാകുന്നുണ്ട്. സങ്കീര്‍ണതകളേറിയ ജീവികളിലാണിത് കൂടുതല്‍ പ്രകടമാകുന്നത്. ഇതില്‍ ആന്തരിക മാറ്റത്തോടൊപ്പം സൂര്യതാപം, മറ്റു വികിരണങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കാരണമാകാറുണ്ട്. ഇത് ബുദ്ധിപൂര്‍വമായ ഇടപെടല്‍ മൂലം താല്‍ക്കാലികമായി നീട്ടിവയ്ക്കുകയോ ചിലത് ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍, മരണത്തിന് മുമ്പുള്ള ജീര്‍ണത പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല.
കേരളത്തില്‍ കാണുന്ന പ്രധാന പ്രശ്‌നം ജീവിതശൈലീരോഗങ്ങളാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ എന്നിവയാണ് ഇങ്ങനെയുണ്ടാകുന്നത്. പല പഠനങ്ങളും കാണിക്കുന്നത് പ്രായമായവരില്‍ 40 മുതല്‍ 60 ശതമാനം വരെ രക്താതിമര്‍ദം ഉണ്ട്. 20 ശതമാനത്തോളം പ്രമേഹരോഗികളാണ്. ഇവയുടെ സങ്കീര്‍ണതയായോ അല്ലാതെയോ ഹൃദ്രോഗവും പക്ഷാഘാതവും വൃക്കരോഗവുമുണ്ടാകാം.


കാഴ്ചയുടെ പ്രശ്‌നം വാര്‍ധക്യം ആരംഭിക്കുന്നതിന്റെ സൂചനയാണ്. കണ്ണിലെ ലെന്‍സുകളുടെ ഘടനാമാറ്റം മൂലം ദീര്‍ഘദൃഷ്ടി(Long sight) ഉണ്ടാകാം. കണ്ണടകള്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാവുന്നതാണ്. കാഴ്ചയെപ്പോലെ തന്നെ കേള്‍വിക്കുറവും മിക്ക പേര്‍ക്കുമുണ്ടാകുന്നു. ചെവിയുടെ ആന്തരികഘടകങ്ങളോ നാഡികളോ തകരാറിലാവുമ്പോഴാണിതുണ്ടാകുന്നത്. ശ്വാസകോശസംബന്ധമായ രോഗങ്ങളും പ്രായംചെന്നവരില്‍ അധികമായി കാണാറുണ്ട്. അയഞ്ഞുപോകുന്ന ശ്വാസകോശം(Emphysema), ആസ്ത്മ(Asthma-), ബ്രോങ്കൈറ്റിസ്(Bronchitis) എന്നിവ മറ്റ് വിഭാഗങ്ങളേക്കാള്‍ കൂടുതലായിരിക്കും. പുകവലിക്കാരില്‍ ഇത് ഗുരുതരമാവുകയും ചികിത്സിക്കാന്‍ പ്രയാസമാവുകയും ചെയ്യും.


മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രായമേറിയവരില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി(Prostate gland-)കളുടെ വീക്കം മൂലം മൂത്രതടസ്സമുണ്ടാകാം. ഇത് കാന്‍സര്‍ ആകാനും സാധ്യതയുണ്ട്. അതുകൊണ്ട് തുടക്കത്തില്‍ തന്നെ പരിശോധന നടത്തേണ്ടതുണ്ട്.
പ്രജനനവ്യവസ്ഥയുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടാകാം. ഗര്‍ഭാശയം പുറത്തേക്ക് തള്ളുക(Prolapsed uterus), ലൈംഗികതാത്പര്യം കുറയുക എന്നിവയുണ്ടാകാം. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാവുകയും പല തരത്തിലുള്ള ശാരീരികപ്രയാസങ്ങളുണ്ടാവുകയും ചെയ്യും.
എല്ലുകളിലെ കാത്സ്യത്തിന് ശോഷണം(osteoporosis) സംഭവിക്കുന്നതിനാല്‍ പൊട്ടാനുള്ള സാധ്യത പ്രായമായവരില്‍ കൂടുതലാണ്. സ്ത്രീകളില്‍ ഇത് വളരെയധികമാണ്. അസ്ഥികള്‍, സന്ധികള്‍, മാംസപേശികള്‍, നാഡികള്‍ തുടങ്ങിയവയടങ്ങുന്ന ചലനവ്യവസ്ഥയുടെ പ്രവര്‍ത്തനം വാര്‍ധക്യത്തില്‍ പരിമിതപ്പെടാന്‍ തുടങ്ങും. ഇവയിലെല്ലാം തേയ്മാനങ്ങളുണ്ടാവുകയും ദ്രവങ്ങള്‍ കുറയുകയും ചെയ്യുന്നതിന്റെ ഫലമായി വേദന, വീക്കം എന്നിവ ഉണ്ടാകും. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്(Rheumatoid arthritis), ഓസ്റ്റിയോആര്‍ത്രൈറ്റിസ്(Osteoarthritis), സ്‌പോണ്ഡിലൈറ്റിസ്(Spondylitis), ഫൈബ്രോമയോസൈറ്റിസ്(Fibromyositis) എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊക്കെ ചലനശേഷി കുറക്കുന്നതാണ്.


ശാരീരികാസ്വാസ്ഥ്യങ്ങളോടൊപ്പം മാനസികപിരിമുറുക്കവും ഉണ്ടാകുന്നു. വാര്‍ധക്യത്തെ മുന്‍കൂട്ടിക്കണ്ട് അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചവര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകില്ല. അല്ലാത്തപക്ഷം നിസ്സാരകാര്യങ്ങള്‍ പോലും മനസ്സില്‍ സംഘര്‍ഷങ്ങളുണ്ടാക്കും. പിടിവാശി കൂടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ വേണ്ടത്ര സന്തോഷവും പരിചരണവും ലഭിക്കാത്ത സാഹചര്യത്തില്‍ ഇവ മാനസികരോഗങ്ങളായി മാറാം. വിഷാദം, ഉത്കണ്ഠ എന്നിവ നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ ആത്മഹത്യയില്‍ വരെ എത്തിയേക്കാം. ഉറക്കമില്ലായ്മയും പ്രശ്‌നമാണ്. മദ്യപാനത്തിന്റെ ദോഷങ്ങള്‍ ചെറുപ്പക്കാരേക്കാള്‍ കൂടുതലായി പ്രായമുള്ളവരെ ബാധിക്കും. ശരീരത്തിലെ ജലാംശം കുറയുന്നതു മൂലമാണിത്.


മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അല്‍ഷിമേഴ്‌സ്(Alzheimer's disease). ഡെമെന്‍ഷ്യ(DementiaAkmmcWamb an), പാര്‍ക്കിന്‍സോണിസം (Parkinsonism)എന്നിവയും വാര്‍ധക്യത്തില്‍ ഉണ്ടാകുന്നരോഗങ്ങളാണ്. ഇവ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയാത്തതു കൊണ്ടും ദീര്‍ഘകാലം നിലനില്‍ക്കുന്നതു കൊണ്ടും മറ്റുള്ള കുടുംബാംഗങ്ങളെയും ബാധിക്കുന്നതു കൊണ്ടും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
പങ്കാളി മരിച്ചതിന് ശേഷവും ജോലിയില്‍ നിന്നു വിരമിച്ചതിന് ശേഷവും കിടപ്പിലായ ശേഷവുമൊക്കെ ഒറ്റപ്പെടല്‍ അനുഭവിക്കുക സാധാരണമാണ്. കുട്ടികളൊക്കെ വളര്‍ന്നുകഴിയുമ്പോള്‍ പഴയതുപോലെ അവരുമായി ആശയവിനിമയം സാധിക്കാറില്ല. വ്യത്യസ്ത തലമുറക്കാര്‍ പല ലോകങ്ങളില്‍ ജീവിക്കുന്നവരാണ്. അവര്‍ തമ്മില്‍ എല്ലാ കാര്യങ്ങളിലും ആശയവിനിമയം സാധ്യമായെന്ന് വരില്ല. ഇതു മനസ്സിലാക്കി സ്വന്തം കൂട്ടുകാരെ കണ്ടെത്തുക എന്നത് പ്രായമായവരുടെ കര്‍ത്തവ്യമാണ്. അതിന് അവരെ അനുവദിക്കുകയും അതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നത് മക്കളും ബന്ധുക്കളും ചെയ്യേണ്ടതാണ്.


നമ്മുടെ നാട്ടില്‍ മിക്ക വയോധികരും സ്വന്തമായി വരുമാനമില്ലാത്തവരാണ്. കുറച്ചു പേര്‍ക്ക് തൊഴിലില്‍ നിന്ന് വിരമിച്ച ശേഷമുള്ള പെന്‍ഷനുണ്ടാകും. കൂടുതല്‍ പേര്‍ക്കും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണുള്ളത്. മിക്ക പേരും മക്കളെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ ആശ്രിതത്വം തന്നെ അരക്ഷിതത്വവും ഉത്കണ്ഠയുമുണ്ടാക്കുന്നതാണ്. കൂടുതല്‍ പേരും മാനസികമായി സ്വാസ്ഥ്യം അനുഭവിക്കുന്നവരല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പകുതി പേരും കുടുംബവുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തവരും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരാണെന്നും പഠനം കാണിക്കുന്നു.
ചിലയിടങ്ങളിലെങ്കിലും വൃദ്ധര്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ഗാര്‍ഹികപീഡനങ്ങളിലെന്ന പോലെ നിയമപരിരക്ഷയും അവ നടപ്പാക്കാനുള്ള സാമൂഹ്യാന്തരീക്ഷവും ആവശ്യമാണ്. മക്കള്‍ ജോലിക്ക് പോകുന്നവരാണെങ്കില്‍ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാന്‍ സൗകര്യമുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹ്യമായി രൂപപ്പെടുന്ന സ്ഥാപനങ്ങളോ പിന്തുണയോ ആവശ്യമായി വരും. എന്നാല്‍, ഇവ ഉറ്റവരില്‍ നിന്ന് പൂര്‍ണമായി അകറ്റുന്ന തരത്തിലാകരുത്. അവരുടെ ജീവിതത്തിന്റെ തുടര്‍ച്ച കുറച്ചെങ്കിലും നിലനിര്‍ത്തുന്ന തരത്തിലായിരിക്കണം.
ആശുപത്രികള്‍ വയോജന സൗഹാര്‍ദപരമല്ലെന്നു പരാതിയുണ്ട്. ഇപ്പോഴുള്ള സ്ഥാപനങ്ങള്‍ക്ക് പല പരിമിതികളുമുണ്ട്. പലയിടങ്ങളിലും വയോജനങ്ങളെ പാര്‍പ്പിക്കുന്നത് ഭിന്നശേഷിയുള്ളവരോടൊപ്പമോ മാനസികരോഗികള്‍ക്കൊപ്പമോ ആണ്. സ്ഥിരമായി ഡോക്റ്റര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സന്ദര്‍ശിക്കാറില്ല. കൗണ്‍സിലര്‍മാരും ഡയറ്റീഷ്യനും എല്ലായിടത്തും ഉണ്ടാകില്ല. വയോജനങ്ങള്‍ക്ക് തന്നെ ഉല്ലാസകരമായി ജോലി ചെയ്യാന്‍ അവസരമുണ്ടായാല്‍ ഗുണപരമായി ആരോഗ്യം നില നിര്‍ത്താന്‍ സഹായിക്കും.


നിയമപരമായ പരിരക്ഷ ഉണ്ടെങ്കിലും അത് ആരും ഉപയോഗപ്പെടുത്താറില്ല. സി.ആര്‍. പി.സി. 125 (1) (ഡി), 125 (3) എന്നിവ വയോജനങ്ങളുടെ നിയമപരിരക്ഷക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍, സ്വന്തം മക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.
ഇപ്പോള്‍ വയോജനങ്ങള്‍ക്കുള്ള രോഗങ്ങളെ മുന്‍ നിര്‍ത്തി നിവാരണ നിയന്ത്രണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് രോഗചികിത്സാ ബാധ്യത കുറക്കുന്നതിന് സഹായകമായിരിക്കും. ജീവിതശൈലിയിള്‍ മാറ്റം വരുത്താനുള്ള ആരോഗ്യവിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. ഭക്ഷണത്തിലെ ഊര്‍ജദായക വസ്തുക്കള്‍ ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുക, കൊഴുപ്പുകള്‍, ഉപ്പ് എന്നിവ കുറക്കുക, വ്യായാമം ചെയ്യുക, അമിതവണ്ണം കുറക്കുക എന്നിവയെല്ലാം രോഗം വരുന്നത് തടയാന്‍ ഉപകരിക്കും. പുകവലി നിര്‍ത്തുന്നത് കൊണ്ട് അത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ സാധിക്കും.


എല്ലുകളുടെ ഉറപ്പ് നിലനിര്‍ത്താന്‍ കാത്സ്യം കഴിക്കേണ്ടതുണ്ട്. മറിഞ്ഞ് വീണുണ്ടാകുന്ന പൊട്ടലുകള്‍ ഇങ്ങനെ കുറക്കാന്‍ കഴിയും. നേരത്തേ കണ്ടെത്തി ചികിത്സിക്കാവുന്ന രോഗങ്ങള്‍ പരിശോധിക്കണം. പ്രമേഹം, രക്താതിമര്‍ദം, ചില കാന്‍സറുകള്‍ എന്നിവ ഇതില്‍ പെടും. രോഗം സങ്കീര്‍ണമായവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങളും ആവശ്യമാണ്. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ജെറിയാട്രിക്(Geritarics) വിഭാഗം ഉണ്ടായിരിക്കുന്നത് നല്ലതാണ്. വൃദ്ധരുടെ ചികിത്സക്കായുള്ള സ്‌പെഷ്യാലിറ്റിയാണത്.


വയോജനങ്ങളുടെ ക്ഷേമത്തിനും പരിരക്ഷക്കുമായി നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് (1999, 2007). ഇതില്‍ അവരുടെ ക്രിയാത്മകമായ പങ്കാളിത്തം വിഭാവനം ചെയ്യുന്നുമുണ്ട് . പല പെന്‍ഷന്‍ പദ്ധതികളുണ്ടെങ്കിലും അവയൊക്കെ ഇപ്പോള്‍ പര്യാപ്തമാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തില്‍ വയോമിത്രം, ആശ്വാസകിരണ്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പ്രധാനമായും സാമൂഹ്യവകുപ്പാണ് വയോജനക്ഷേമം നോക്കുന്നതെങ്കിലും വിവിധ വകുപ്പുകളുടെ ഏകീകരണം ആവശ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago