പ്രത്യേക നിയമസഭ ഊരാക്കുടുക്കില്‍നിന്ന് തലയൂരാന്‍: കെ.സി ജോസഫ്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചതിലൂടെ ഊരാക്കുടുക്കില്‍നിന്ന് തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് എം.എല്‍.എ. റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാതെയാണ് അന്വേഷണം പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോഴാണ് നിയമോപദേശം തേടുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചാലും അവകാശലംഘനത്തിന്റെ പരിധിയില്‍നിന്നു രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കാകില്ല. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഈ കഴിവുകേടിനും മലക്കംമറിച്ചിലിനും മുഖ്യമന്ത്രി മറുപടി പറയണം. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന് അപേക്ഷ നല്‍കിയതിന്റെ സമയപരിധി കഴിഞ്ഞിരിക്കുകയാണ്. ഇനിയും റിപ്പോര്‍ട്ട് ലഭ്യമാക്കിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."