ശരീഅത്ത്: നിലപാട് ശരിയെന്ന് യൂത്ത്ലീഗ്
കോഴിക്കോട്: വിവാഹ പ്രായം,പര്‍ദ, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ യൂത്ത്ലീഗ് സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്. അത് തെറ്റായിരുന്നെങ്കില്‍ മുസ്ലിം ലീഗ് തിരുത്തുമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിംലീഗ് പൊതു പ്ലാറ്റ്ഫോമാണ്. അത് ഏതെങ്കിലും ഒരു സംഘടനക്ക് തീരെഴുതിക്കൊടുത്തിട്ടില്ല. ലീഗിലെ ചില വ്യക്തികളെ ലക്ഷ്യം വച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ട്. പൊതു പ്ലാറ്റ്ഫോമെന്ന ലീഗിന്റെ നിലപാടിനെതിരായ വിധത്തിലാണല്ലോ സലഫി വിഷയത്തില്‍ ലീഗിലെ ചിലരുടെ നിലപാടെന്ന ചോദ്യത്തിന് മുസ്ലിംലീഗ് നേതാക്കള്‍ എന്താണ് പ്രസംഗിക്കേണ്ടതെന്ന് തിരുമാനിക്കേണ്ടത് ലീഗാണെന്നും മറ്റു മതസംഘടനകളല്ലെന്നുമായിരുന്നു ഫിറോസിന്റെ മറുപടി.വേങ്ങരയില്‍ വോട്ടുകുറഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യൂത്ത്ലീഗ് യോഗത്തില്‍ നടത്തിയെന്നും പരിശോധിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."