സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സി.ഐമാര്‍; അനുമതിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി (എസ്.എച്ച്.ഒ) സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ (സി.ഐ) നിയമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കേരള പൊലിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.
196 പൊലിസ് സ്റ്റേഷനുകളിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിലവില്‍ എട്ടു പൊലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായുണ്ട്. സംസ്ഥാനത്തെ 471 പൊലിസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. ആദ്യഘട്ടമായാണ് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
ആകെയുള്ള 471 സ്റ്റേഷനുകളില്‍ 357 എണ്ണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍തന്നെ 302 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുള്ളവരാണ്. അതിനാല്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാന്‍ കഴിയും. ഒരു എസ്.ഐ മാത്രമുള്ള 13 പൊലിസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുള്ള സ്റ്റേഷനുകളില്‍നിന്നു 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്റ്റേഷന്‍ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയതോടെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും കുറ്റാന്വേഷണവും ക്രമസമാധാനപാലനവും എസ്.ഐമാരുടെ നേതൃത്വത്തില്‍ രണ്ടായി വിഭജിക്കും. മിക്ക പൊലിസ് സ്റ്റേഷനുകളിലും നേരിട്ട്, ഗ്രേഡ്, സൂപ്പര്‍ ന്യൂമറി വിഭാഗങ്ങളിലായി ഒന്നിലേറെ എസ്.ഐമാരുണ്ട്. ഇവര്‍ക്ക് ജനമൈത്രി, ട്രാഫിക്, അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വിവിധ ചുമതല നല്‍കി ഏകോപിപ്പിക്കും. കേസ് അന്വേഷണത്തിലടക്കം ഇന്‍സ്‌പെക്ടര്‍മാരുടെ തൊഴില്‍ പരിചയം മുതല്‍ക്കൂട്ടാകും. മാത്രമല്ല, ഇന്‍സ്‌പെക്ടര്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിന്റെ ഗുണവും ലഭിക്കും. പ്രധാന കേസുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അന്വേഷണം നടത്താനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."