ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍: ഉത്തരവ് സര്‍ക്കാരിന്റേത് മാത്രം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന ഉത്തരവ് റിസര്‍വ് ബാങ്കിന്റേതല്ലെന്ന് വിവരാവകാശ രേഖ. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. തീരുമാനം സര്‍ക്കാരിന്റേത് മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജൂലൈ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായും പാന്‍ നമ്പറുമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 31 നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകുമെന്നുമാണ് സര്‍ക്കാരിന്റെ അറിയിപ്പ്.
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ഇതല്ലാതെ റിസര്‍വ് ബാങ്ക് മറ്റൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും വിവാരാവകാശ നിയപ്രകാരം ആര്‍.ബി.ഐ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ആധാര്‍ നമ്പറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രിം കോടതിയുടെ അനുമതി തേടി റിസര്‍വ് ബാങ്ക് ഹരജി നല്‍കിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയടക്കം ആറുസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി തടഞ്ഞ സാഹചര്യത്തിലാണ്, ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റേത് ആണെന്ന വിവരം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."