ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചയ്ക്ക് തയാറെന്ന് ഖത്തര്‍ അമീര്‍
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിന് ചര്‍ച്ചകള്‍ക്ക് എപ്പോഴും ഖത്തര്‍ ഒരുക്കമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്തോനേഷ്യയില്‍ പറഞ്ഞു.
ജക്കാര്‍ത്തയിലെ ബോഗോര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പ്രസിഡന്റ് ജോക്കോ വിദോദോയ്ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്.
ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധവും ഖത്തരി ജനതക്കും ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്ക്കുമുണ്ടായ അതിന്റെ മാനവിക പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഖത്തര്‍ എപ്പോഴും സന്നദ്ധമാണ്. കാരണം ഇതില്‍ വിജയികളില്ല. എല്ലാവരും സഹോദരന്മാരാണ്. പ്രതിസന്ധിയില്‍ എല്ലാവര്ക്കും നഷ്ടമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങളുടെ പരമാധികാരം മാനിച്ച് എല്ലാ കക്ഷികളുമെത്തുന്ന കരാര്‍ പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ എപ്പോഴും ഒരുക്കമാണെന്നും അമീര്‍ വ്യക്തമാക്കി.
ഇസ്ലാമിക ലോകത്ത് ഇന്തോനേഷ്യ സുപ്രധാന രാജ്യമാണ്. റോഹിന്‍ഗ്യ വിഷയം, അവരുടെ ദുരിതങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായി. റോഹന്‍ഗ്യന്‍ ജനതയുടെ ദുരിതത്തിന് അടിയന്തര പരിഹാരം അനിവാര്യമാണ്. റോഹിന്‍ഗ്യകള്‍ക്ക് ഖത്തര്‍ സഹായം നല്‍കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് രാജ്യത്തിന്റെ ധര്‍മമാണ്. റോഹിന്‍ഗ്യന്‍ ദുരിതത്തിന് മ്യാന്മര് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
അമീറും ജോക്കോ വിദോദോയുമായി നടത്തിയ ചര്‍ച്ചയില്‍ നിക്ഷേപം, പശ്ചാത്തലസൗകര്യം, ഊര്‍ജം, വിനോദസഞ്ചാരം ഉള്‍പ്പടെ പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. നിരവധി കരാറുകളിലും ഏര്‍പ്പെടാനായി.
രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സാംസ്കാരികം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ, നാവികം, കാര്‍ഷികം, വ്യവസായം, ബാങ്കിങ്, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന് സംയുക്ത സമിതി സ്ഥാപിക്കാന്‍ ധാരണാപത്രം ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."