അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: 43 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിലെ സൈനികതാവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ ചാഷ്മോയില് ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഒന്‍പതുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സൈനികതാവളത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ മാത്രമാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് അഫ്ഗാന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികതാവള കോംപൗണ്ടിലേക്ക് ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ദൗലത്ത് വസ്രി പറഞ്ഞു.
സൈനികതാവളം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. സൈനിക താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ 60 സൈനികരെ കൊലപ്പെടുത്തിയതായി താലിബാന് പുറത്തുവിട്ട സന്ദേശത്തില്‍ പറഞ്ഞു.
താലിബാനെതിരേ സൈന്യം നടത്തിയ തിരിച്ചടിയില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ ആഴ്ച അഫ്ഗാനില്‍ നടക്കുന്ന മൂന്നാമത്തെ ചാവേര്‍ ആക്രമണമാണിത്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 120 പേരാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. പക്ത്യാ പ്രവിശ്യയിലെ പൊലിസ് കോംപൗണ്ടിലുണ്ടായ ആക്രമണത്തില്‍ 60 പേരും സമീപപ്രദേശമായ പടിഞ്ഞാറെ ഗാര്ദസില് 20 പേരും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."