കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കും സ്പാനിഷ് സര്‍ക്കാര്‍ നടപടികളാരംഭിച്ചു
മാഡ്രിഡ്: സ്വതന്ത്ര പരമാധികാര രാജ്യത്തിനായുള്ള കാറ്റലോണിയയുടെ ശ്രമങ്ങള്‍ക്ക് സ്പാനിഷ് സര്‍ക്കാരിന്റെ തിരിച്ചടി. കാറ്റലോണിയയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. നാളെ മുതല്‍ ഇത് നടപ്പാക്കി ത്തുടങ്ങുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തേ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ഇത് സ്പാനിഷ് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 155 പ്രകാരം കാറ്റലോണിയയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതിനായി മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, സ്‌പെയിന്‍ തങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുമെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ സൂചിപ്പിച്ചു. കാറ്റലോണിയന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള സ്പാനിഷ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പ് നടന്ന ഒക്ടോബര്‍ ഒന്നിന് പോളിങ് ബൂത്തില്‍ വലിയരീതിയിലുള്ള സംഘര്‍ഷമുണ്ടായിരുന്നു.
സ്പാനിഷ് ഏകാധിപതിയായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണശേഷമാണ് ആര്‍ട്ടിക്കില്‍ 155 സ്‌പെയിനില്‍ ശക്തിപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം ഹനിക്കുന്ന തരത്തിലുള്ള പ്രതിസന്ധിയുണ്ടായാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നല്‍കുന്ന അധികാരമാണ് ഈ ആര്‍ട്ടിക്കിളിലുള്ളത്. എന്നാല്‍, ഈ നിയമം ഇതുവരെ ഉപയോഗിച്ചിട്ടില്ല. സ്വയംഭരണാധികാരമുള്ള കാറ്റലോണിയ ഹിതപരിശോധന നടത്തിയതിലൂടെ ഭരണഘടനയെയും രാജ്യത്തിന്റെ പൊതുതാല്‍പര്യത്തെയും അപമാനിച്ചിരിക്കുകയാണ്. സുപ്രിം കോടതി വിധിയുണ്ടായിട്ടും അതിനെ എതിര്‍ത്തു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിന് കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കാന്‍ നിയമം അനുമതി നല്‍കുന്നുണ്ട്. കാറ്റലോണിയയിലെ പൊലിസിന്റെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ഏറ്റെടുക്കും.
പിന്നീട് ഈ മേഖലയില്‍ തെരഞ്ഞെടുപ്പ് നടത്തി നിയന്ത്രണം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, പ്രക്ഷോഭങ്ങളെ സംയമനത്തോടെ നേരിടാനുള്ള നീക്കവും നടക്കുന്നുണ്ട്. സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് കാറ്റലന്‍ നേതാവ് കാര്‍ലോസ് പുഡ്‌ജെഡ്‌മോന്‍ഡിനോട് വിഷയത്തില്‍ എത്രയുംപെട്ടെന്ന് നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവേകപരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും രജോയ് പറഞ്ഞു. സ്‌പെയിനിന്റെ സമ്മര്‍ദതന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് പുഡ്‌ജെഡ്‌മോന്‍ഡ് മറുപടി നല്‍കി. പുഡ്‌ജെഡ്‌മോന്‍ഡിന്റെ അധികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും സ്‌പെയിന്‍ ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."