പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി
കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസ് ആണ് പൊലിസ് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് വഴിമാറാതെ കാര്‍ തടസ്സം സൃഷ്ടിച്ചത്.
പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി കാര്‍
സംഭവത്തെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മധു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. 15 മിനിറ്റുകൊണ്ട് കളമശേരിയിലെത്തേണ്ട ആംബുലന് 35 മിനിറ്റുകൊണ്ടാണ് ആശുപത്രിയിലെത്തിയത്. ഏറെ നേരം ഹോര്ണടിച്ചിട്ടും സൈഡ് നല്കാന് സ്ഥലമുണ്ടായിട്ടും കാറിന്റെ ഡ്രൈവര്‍ ഇതിന് തയാറായില്ല. ഹസാര്‍ഡ് ലൈറ്റ് ഓണ്‍ ചെയ്ത് കാര്‍ ആംബുലന്‍സിന്റെ മുന്നില്‍ കുതിക്കുകയായിരുന്നു.
ആംബുലന്‍സിന്റെ യാത്ര തടഞ്ഞ് മുന്നില്‍ പായുന്ന കാറിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളും ആംബുലന്‍സ് ഡ്രൈവര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."