കാഴ്ച്ചകളുടെ ലോകത്ത് വിസ്മയം വിരിയിച്ച് കുരുന്നു കലാകാരന്‍മാര്‍
കൊച്ചി: തങ്ങള്‍ കണ്ട കാഴ്ച്ചകള്‍ കുഞ്ഞുമനസുകള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അതുകണ്ടവര്‍ക്കും മനസില്‍ കുളിര്‍മ നിറഞ്ഞു. ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ കാഴ്ച്ചയിലുള്ള പ്രകൃതിയുടെ വിവിധ ഭാവങ്ങളും കിളികളും മലയും പുഴയുമെല്ലാം തന്‍മയത്വത്തോടെ കാന്‍വാസിലേക്ക് പകര്‍ത്തിയത്. മൂന്നാം ക്ലാസ് മുതല്‍ പ്ലസ് വണ്‍വരെയുള്ള 14 വിദ്യാര്‍ഥികള്‍ വരച്ച 55 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. അക്രലിക്, വാട്ടര്‍കളര്‍, ഓയില്‍ പെയിന്റിങ്ങ്, ചാര്‍കോള്‍, വാട്ടര്‍കളര്‍ തുടങ്ങി വിവിധ മീഡിയങ്ങളിലാണ് കുരുന്നുകള്‍ തങ്ങളുടെ കാഴ്ച്ചകളെ കാന്‍വാസിലേക്ക് പകര്‍ത്തിയത്.
പ്രകൃതി ദൃശ്യങ്ങളില്‍ കാട്ടിലൂടെ സ്വച്ഛന്ദമായി വിഹരിക്കുന്ന മാന്‍കൂട്ടങ്ങളും കുന്നിന്‍ ചരിവിലെ ഭവനവും, പുഴയില്‍ നിന്ന് വെള്ളമെടുത്ത് നിറകുടവുമായി നില്‍ക്കുന്ന സ്ത്രീയും കാന്‍വാസില്‍ കുരുന്നുകള്‍ കോറിയിട്ടു. പ്രകൃതിയെ കുറിച്ചുളള ആകുലതകളും തങ്ങള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചകളും കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നതെന്ന് അദ്യാപികയായ ഷെനി റൂബിന്‍ പറഞ്ഞു. സ്‌കൂളും രക്ഷിതാക്കളും മുന്‍കൈയെടുത്താണ് പ്രദര്‍ശനം നടത്തുന്നത്.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ മുന്‍ ചിത്രകലാവിഭാഗം മേധാവി പൂജപ്പുര സുകു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. 16വരെയാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."