സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് അധ്യാപകര്‍ക്ക് അവധി
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് കോളജ് അധ്യാപകര്‍ക്ക് രണ്ടുവര്‍ഷം ശമ്പളത്തോട് കൂടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ് ഉള്‍പ്പെടുന്ന അഞ്ചംഗ വിദഗ്ധ സമിതിയാണ് അധ്യാപകരെ തെരഞ്ഞെടുക്കുക.
സംസ്ഥാന സാങ്കേതിക സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, എ.ഐ.സി.ടി.ഇ എന്നിവയുടെ പ്രതിനിധികള്‍, പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ കൊച്ചി കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ദിനേഷ് തമ്പി എന്നിവരാണ് മറ്റംഗങ്ങള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം 10 അധ്യാപകരെ തെരഞ്ഞെടുക്കും.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരുപദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുമായി ചേര്‍ന്നോ സ്വന്തം നിലയിലോ അധ്യാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. സ്ഥിരം അധ്യാപകര്‍ക്കായിരിക്കും അവധിക്ക് അര്‍ഹതയുള്ളത്. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും അവധി.
ശമ്പളമില്ലാതെയാണ് അവധിയെടുക്കുന്നതെങ്കില്‍ 50,000 രൂപ അല്ലെങ്കില്‍ വാങ്ങുന്ന ശമ്പളം എതാണോ കുറഞ്ഞത് അത് സര്‍ക്കാര്‍ നല്‍കും. അവധി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് അധ്യാപകര്‍ ജോലിചെയ്യുന്ന സ്ഥാപനം സര്‍ക്കാരിനു നല്‍കണം.
സര്‍ക്കാര്‍ നല്‍കുന്ന ഗവേഷണ വികസന ഗ്രാന്‍ഡ്, ഉല്‍പന്ന നിര്‍മാണ പരിവര്‍ത്തന ഗ്രാന്‍ഡ്, സീഡ് ഫണ്ട്, രാജ്യാന്തര വിനിമയ പരിപാടികള്‍, ബിസിനസ് സന്ദര്‍ശനങ്ങള്‍, പരിശീലനം, മെന്ററിങ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങള്‍ക്കും അധ്യാപകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."