തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം; കലക്ടറുടെ റിപ്പോര്‍ട്ട് തയാറാകുന്നത് പഴുതടച്ച്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റകേസില്‍ കലക്ടറുടെ സമഗ്ര റിപ്പോര്‍ട്ട് ഒരുങ്ങുന്നത് പഴുതടച്ച്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ഗുരുതര നിയമ ലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ സമഗ്ര റിപ്പോര്‍ട്ട് കൂടുതല്‍ ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ പുറത്തുവരുമെന്നാണ് സൂചന. ഇതിനായാണ് റിപ്പോര്‍ട്ട് വൈകുന്നത്.
2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍വന്നതിനുശേഷം നിയമലംഘനം നടത്തിയവര്‍ക്കെതിരേ സംസ്ഥാനത്ത് നിരവധി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മെത്രാന്‍ കായലും കടമ്മക്കുടിയും അടക്കം നികത്താനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടിവന്നതും നിയമം നിലനില്‍ക്കുന്നതിനാലാണ്. ഇതേ നിയമം മാര്‍ത്താണ്ഡം കായലിനും ബാധകമാണ്.
കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളെടുക്കണമെന്ന നിര്‍ദേശം ഉണ്ടാകാനും സാധ്യതയുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വേമ്പനാട്ട് കായല്‍ സംരക്ഷണ കൈയേറ്റ റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് ഇടതുപക്ഷത്തിന് നിയമനടപടികളില്‍നിന്ന് പുറകോട്ടുപോകാനാവില്ല. അതേസമയം, പഴയ രേഖകളില്‍ പലതും താലൂക്ക്, വില്ലേജ് ഓഫിസുകളില്‍നിന്ന് നശിപ്പിക്കപ്പെട്ടതിനാല്‍ പുരാവസ്തു വകുപ്പില്‍നിന്ന് ഇവ ശേഖരിച്ചായിരിക്കും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുക.
കൈയേറ്റ വിവാദത്തില്‍ തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പംനിന്ന മന്ത്രി കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതിനുശേഷം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കൈയേറ്റവും ചട്ടലംഘനവും നടന്നതായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നും കലക്ടര്‍ക്ക് തെറ്റുപറ്റിയെന്നും ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി. ഈ സാഹചര്യത്തില്‍ കൈയേറ്റം വ്യക്തമാക്കുന്ന രീതിയില്‍ പഴുതടച്ചുള്ള സമഗ്രറിപ്പോര്‍ട്ടായിരിക്കും കലക്ടര്‍ സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."