ഗെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമസ്ത റാലി
മുക്കം (കോഴിക്കോട്): നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലകളിലൂടെ നടപ്പാക്കാനുള്ള ഭരണകൂട നീക്കത്തിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ സമരം ചെയ്യുന്ന ജനകീയ സമരസമിതിക്കും ഇരകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്തയുടെ ഉജ്വല റാലി.
കൊടിയത്തൂര്‍ പഞ്ചായത്ത് സമസ്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്നു.
തുടര്‍ന്ന് എരഞ്ഞിമാവ് പന്നിക്കോട് റോഡിലെ പദ്ധതി പ്രദേശത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സമസ്തയുടെ കൊടിനാട്ടി. സംസ്ഥാന പാതയിലെ സമരപ്പന്തലില്‍ തുടര്‍ന്നുനടന്ന പൊതുസമ്മേളനം മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഗെയില്‍ വാതക പൈപ്പ്ലൈന് അലൈന്മെന്റില് മാറ്റംവരുത്താന്‍ അധികൃതര്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി.എ ഹുസൈന് ബാഖവി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി പി. അലി അക്ബര്‍, കെ.വി അബ്ദുറഹ്മാന്, അബ്ദുറഹ്മാന് ലത്വീഫി, വി. ഇമ്പിച്ചാലി മുസ്ലിയാര്, നടുക്കണ്ടി അബൂബക്കര്‍, നുഹ്മാന്‍ കുമാരനെല്ലൂര്‍, എ.കെ ഗഫൂര്‍ ഫൈസി, സി.ടി അബ്ദുല്‍മജീദ്, സി.കെ അബ്ദുറസാഖ്, എ.കെ അബ്ബാസ്, വൈത്തല അബൂബക്കര്‍, മൂസ മൗലവി സംസാരിച്ചു.
സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജന. സെക്രട്ടറി സി.കെ ബീരാന്‍കുട്ടി സ്വാഗതവും കണ്‍വീനര്‍ എസ്.എ നാസര്‍ നന്ദിയും പറഞ്ഞു. റാലിക്കു പുത്തലത്ത് മൊയ്തീന്, എ.പി.സി മുഹമ്മദ്, പി.പി മുജീബ്, സി.എം നിസാം, കെ. സാദിഖലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."