മുന്‍കൂട്ടി അനുമതിയില്ലാതെ വീട്ടിലെത്തി; മധ്യവയസ്കനെ പ്രാകൃത ശിക്ഷക്ക് വിധേയനാക്കി
പട്ന: പുരുഷന്മാരില്ലാത്ത സമയം ഗ്രാമമുഖ്യന്റെ വസതിയില്‍ മുന്‍കൂട്ടി അനുമതിയില്ലാതെ കടന്നുവെന്നാരോപിച്ച് 54 കാരനായ ക്ഷുരകന് നേരെ പ്രാകൃത ശിക്ഷാ നടപടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതി നിലനില്‍ക്കുന്ന ബിഹാര്‍ശരീഫ് ജില്ലയിലാണ് മഹേഷ് താക്കൂര്‍ എന്നയാളെ അജയ്പൂര്‍ പഞ്ചായത്ത് മുഖ്യനായ സുരേന്ദ്ര യാദവ് ശിക്ഷിച്ചത്.
നിലത്ത് തുപ്പിയശേഷം അത് നക്കിയെടുപ്പിക്കുകയും പിന്നീട് സ്ത്രീകളെ വിളിച്ച് ചെരുപ്പുകൊണ്ട് അടിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ശിക്ഷ. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഗ്രാമമുഖ്യനെ കാണാനായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷുരകന് കാണിച്ചത് അഹങ്കാരമെന്നാരോപിച്ചാണ് അദ്ദേഹത്തെ പ്രാകൃത ശിക്ഷാ നടപടിക്ക് വിധേയനാക്കിയത്. പഞ്ചായത്ത് സമിതി വിളിച്ചു ചേര്‍ത്താണ് ഇയാള്‍ക്കെതിരേ ശിക്ഷ പ്രഖ്യാപിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമമുഖ്യന് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബിഹാര്‍ശരീഫ് സബ് ഡിവിഷണല്‍ ഓഫിസര്‍ സുധീര്‍ കുമാര്‍ ഇവിടം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."