ഈ സ്വര്‍ണം എല്ലാമായ ഉമ്മയ്ക്ക്; ജംഷീലയ്ക്ക് വേണം സുരക്ഷയുടെ തണല്‍
പാല: എല്ലാം എന്റെ ഉമ്മയാണ്. ഈ വിജയവും ഉമ്മയ്ക്കുള്ളതാണ്. ഒറ്റ ലാപ്പിലെ സുവര്‍ണ ജേത്രി ടി.ജെ ജംഷീലയുടെ നടപ്പിലും ഇരുപ്പിലും ഓട്ടത്തിലും സ്വപ്നങ്ങളിലുമെല്ലാം ജീവിതം കരുപിടിപ്പിക്കാന്‍ മക്കള്‍ക്കായി തയ്യല്‍ മെഷീന്‍ ചവിട്ടുന്ന ഉമ്മ ലൈല മാത്രമാണ്. ഉമ്മയ്ക്ക് കൈത്താങ്ങകണം. ട്രാക്കിലെ ഓരോ കുതിപ്പിലും ജംഷീല ലക്ഷ്യം വെയ്ക്കുന്നതും അതാണ്.
അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണ കുതിപ്പ് പൂര്‍ത്തിയാക്കിയ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ ജംഷീലയുടെ ജീവിത സ്വപ്നം വാടക വീട്ടില്‍ നിന്ന് സുരക്ഷിതമായൊരു വീടാണ്. ഓരോ വിജയവും വെട്ടിപ്പിടിക്കുമ്പോഴും മനസില്‍ നിറയുന്നത് സ്വന്തമായൊരു വീടാണ്.
ഇന്നലെയും ജംഷീലയുടെ സ്വപ്നത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ജംഷീലക്ക് വീട് വയ്ക്കാനായി പരിശീലകന്‍ മുഹമ്മദ് ഹനീഫയുടെ സഹോദരന്‍ സത്താര്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയിരുന്നു. ശേീയ തലത്തില്‍ ശ്രദ്ധേയ പ്രകടനത്തിന് പിന്നാലെയായിരുന്നു നാട്ടുകാര്‍ ഒരുക്കിയ അനുമോദന യോഗത്തില്‍ വീടൊരുക്കാന്‍ ഭൂമി ലഭിച്ചത്. ഖേലോ ഇന്ത്യ ദേശീയ ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളി നേടിയ ജംഷീലക്ക് കായിക മന്ത്രി എ.സി മൊയ്തീന്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിവ് പോലെ പ്രഖ്യാപനം പ്രഖ്യാപനമായി തന്നെ അവശേഷിക്കുന്നു.
സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകാതെ നീളുമ്പോള്‍ ജംഷീലയുടെ പ്രതീക്ഷ കായിക പ്രേമികളുടെ സഹായ ഹസ്തത്തിലേക്കാണ്. എരുമപ്പെട്ടി തെക്കേപുറത്ത് ലൈലയ്ക്ക് മൂന്ന് മക്കളാണ് ജംഷീലയും ജാബിറും ജംഷീറും. 100, 200 മീറ്ററിലും 4-100, 4-400 മീറ്റര്‍ റിലേകളിലും ജംഷീല ഇനി പാലായിലെ ട്രാക്കിലിറങ്ങും. അടുത്തിടെ സമാപിച്ച സംസ്ഥാന ജൂനിയര്‍ മീറ്റില്‍ 400 മീറ്ററിലും ജംഷീല സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."