അജിത് ഓടിക്കയറിയത് ചരിത്രത്തിലേക്ക്
പാല: പുതുപുത്തന്‍ ട്രാക്കില്‍ രാജ്യാന്തര താരം പി.എന്‍ അജിതിന്റെ തിളക്കത്തിന് മാറ്റേറും. സ്‌കൂള്‍ മീറ്റുകളിലെ രാജകുമാരന്‍ മുഹമ്മദ് അഫ്‌സിലിന്റെ പിന്‍ഗാമിയായി അജിത് ഇന്നലെ ഓടിക്കയറിയത് ചരിത്രത്തിലേക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലായിലെ പുതുപുത്തന്‍ ട്രാക്കിലെ ആദ്യ സ്വര്‍ണവും ആദ്യ മീറ്റ് റെക്കോര്‍ഡും ആദ്യ ദേശീയ റെക്കോര്‍ഡും മറികടന്ന പ്രകടനവുമായാണ് പി.എന്‍ അജിത് ചരിത്രം കുറിച്ചത്. പാലക്കാട് പറളി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അജിത് 14.48:40 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്ന് പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചത്. 2015 ല്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് സ്ഥാപിച്ച 15.08:40 സെക്കന്‍ഡ് സമയമാണ് അജിതിന്റെ കതിപ്പിന് മുന്നില്‍ വഴിമാറിയത്. 2009ല്‍ കൊച്ചിയില്‍ ഒഡിഷയുടെ ബിര്‍സ ഒറാം സ്ഥാപിച്ച 14.51:97 സെക്കന്‍ഡ് ദേശീയ റെക്കോര്‍ഡ് സമയം മറികടന്ന പ്രകടനമാണ് അജിത് നടത്തിയത്.
15.29:21 സെക്കന്‍ഡില്‍ ഓടിയെത്തിയ മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപി വെള്ളി നേടിയപ്പോള്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ ആദര്‍ശ് ബിനുവിനാണ് വെങ്കലം (15.53:89). പി.ജി മനോജിന്റെ ശിക്ഷണത്തില്‍ ട്രാക്കില്‍ തിളങ്ങുന്ന അജിത് 2016ല്‍ തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ 3000 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവാണ്. ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ വ്യക്തിഗത ചാംപ്യനായിരുന്ന അജിത് ദീര്‍ഘദൂര ഓട്ടത്തിലെ കേരളത്തിന്റെ ഭാവി വാഗ്ദാനമാണ്. 1500, ക്രോസ്‌കണ്‍ട്രിയിലും ഇനി അജിത് മത്സരിക്കുന്നുണ്ട്. പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അജിത്ത് തേനൂര്‍ പടിഞ്ഞാക്കര നാരായണന്‍കുട്ടിയുടെയും ജയന്തിയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."