ആംബുലന്‍സിന് വഴിനല്കാതെ കാറോടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ആലുവ: നവജാതശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴിനല്കാതെ മുന്പില് അപകടകരമായി കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കാറുടമ കൂടിയായ ആലുവ ഡിവൈ.എസ്.പി ഓഫിസിന് സമീപം താമസിക്കുന്ന പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസിന്റെ (27) ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
എടപ്പാളിലുള്ള ഡ്രൈവര്‍മാരുടെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന തെറ്റുതിരുത്തല്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനും നിര്‍മലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിന് ശേഷമായിരിക്കും സസ്പെന്ഷന് പിന്‍വലിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുക്കുക.
ആംബുലന്‍സിന് വഴിമുടക്കി ഓടുന്ന കാറിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലിസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തത്. നിര്‍മല്‍ ജോസിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
ഇത് കൈപ്പറ്റിയ നിര്‍മല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഹിയറിങിനായി ആലുവ ജോയിന്റ് ആര്.ടി.ഒ ഓഫിസില്‍ എത്തി. ചെയ്ത തെറ്റില്‍ കുറ്റബോധമുണ്ടെന്നും മാപ്പാക്കണമെന്നും കാണിച്ച് ഇയാള്‍ അപേക്ഷയും സമര്‍പ്പിച്ചു.
എന്നാല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ജോയിന്റ് ആര്.ടി.ഒ സി.എസ് അയ്യപ്പന് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."