94ന്റെ നിറവില്‍ വി.എസ്; രാജ്യത്തിന്റെ ശത്രുക്കളോട് സന്ധിയില്ലാതെ പോരാടുമെന്ന് പിറന്നാള്‍ സന്ദേശം
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ 94ാം വയസിന്റെ നിറവില്‍. വി.എസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ ഇന്നലെ പിറന്നാള്‍ ആഘോഷിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തുടങ്ങിയവര്‍ രാവിലെ തന്നെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ വി.എസിന് ജന്മദിനാശംസകളുമായെത്തി. വി.എസിന്റെ ജനന തിയതിയുള്ള കറന്‍സിനോട്ടുകളുടെ ശേഖരമാണ് നടക്കാവ് സ്വദേശി എം.കെ ലത്തീഫ് നല്‍കിയ പിറന്നാള്‍ സമ്മാനം.
രാവിലെ 11 ഓടെ ഔദ്യോഗിക വസതിയില്‍ കേക്കുമുറിച്ച് ലളിതമായ രീതിയിലായിരുന്നു ആഘോഷം. രാജ്യത്തിന്റെ ശത്രുക്കളോട് സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് വി.എസ് പിറന്നാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി. വി.എസിന്റെ ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മകള്‍ ഡോ. ആശ, മരുമകള്‍ ഡോ. രജനി അരുണ്‍, മരുമകന്‍ തങ്കരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേക്കുമുറിക്കല്‍ ചടങ്ങ്.
വി.എസിനെ കുറിച്ചുള്ള സംഗീത ആല്‍ബം കാവലാളും ഇതോടൊപ്പം പ്രകാശനം ചെയ്തു. ആശംസകളുമായി എത്തിയവര്‍ക്ക് അദ്ദേഹം മധുരം നല്‍കി. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വി.എസിന്റെ ജനനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം 94 പിന്നിടുമ്പോഴും കര്‍മനിരതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."