കൊല്ലത്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: മതിയായ ചികിത്സ നല്‍കാതെ ആശുപത്രി
കൊല്ലം: അധ്യാപികയുടെ പീഡനത്തില്‍ മനംനൊന്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, പെണ്‍കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണവുമായി സ്‌കൂളുമായി ബന്ധമുള്ള ആശുപത്രിക്കെതിരേയും പരാതിയുയര്‍ന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊല്ലം കലക്റ്ററേറ്റിനു സമീപത്തെ ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസുകാരി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ നട്ടെല്ല് പൊട്ടുകയും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയായ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയാറായില്ല.
സ്‌കൂള്‍ മാനേജ്‌മെന്റിന്റേ കീഴിലുള്ള ആശുപത്രിയാണിത്. തുടര്‍ന്ന് വൈകീട്ട് ഏഴു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുട്ടി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അപകട നിലം തരണം ചെയ്യാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി കൂടിയായ സഹോദരി അധ്യാപികമാരെ സമീപിച്ചിരുന്നു.
തുടര്‍ന്ന് അധ്യാപികമാര്‍ സഹോദരിയെ മാനസികമായി അപമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാനസിക വിഷമത്താലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിനെതിരേയും ആശുപത്രിക്കെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്‌കൂളിനെതിരേ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."