ചരിത്രത്തിന്റെ കാവലാള്‍
ഇന്ത്യാ ചരിത്രം പൊതുവിലും മധ്യകാല ഇന്ത്യാ ചരിത്രം പ്രത്യേകിച്ചും വര്‍ഗീയമായി അവതരിപ്പിക്കപ്പെടുകയും, കൊളോനിയല്‍ ചരിത്രരചയിതാക്കള്‍ മുന്നോട്ടുവച്ച വര്‍ഗീയ ചരിത്രരചനയ്ക്കു കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ചരിത്രകാരന്‍ പ്രൊഫ. സതീഷ് ചന്ദ്രയുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടം തന്നെയാണ്. ഗൗരവതരമായി ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, മത്സരപ്പരീക്ഷകള്‍ക്കായി നിര്‍ബന്ധപൂര്‍വം ചരിത്രം പഠിക്കേണ്ടി വരുന്നവര്‍ക്കും ഒരുപോലെ സുപരിചിതമായ നാമമായിരിക്കും പ്രൊഫ. സതീഷ് ചന്ദ്രയുടേത്. അദ്ദേഹം രചിച്ച 'മധ്യകാല ഇന്ത്യാ ചരിത്രം' (A history of Medieval India) എന്ന പുസ്തകം പോലെ ലളിതമായും സമഗ്രമായും ഒരു പ്രത്യേക കാലഘട്ടത്തെയോ, ഇന്ത്യാ ചരിത്രത്തെ മൊത്തമായോ പരാമര്‍ശിക്കുന്ന ചരിത്രഗ്രന്ഥങ്ങള്‍ അപൂര്‍വമാണെന്നുതന്നെ പറയാം.
അലഹബാദ് സര്‍വകലാശാലയില്‍നിന്നു പ്രശസ്ത ചരിത്രകാരന്‍ ആര്‍.പി ത്രിപാഠിയുടെ കീഴില്‍ 1940കളിലാണ് സതീഷ് ചന്ദ്ര ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയത്. 'പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ സഖ്യങ്ങളും രാഷ്ട്രീയവും '(-Parties and Politics in 18th Century India) എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം, മുഗള്‍ ഭരണകാലത്തെ സുപ്രധാനഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളെ സംബന്ധിച്ചുള്ള ആധികാരിക രചനയായി ഇന്നും വിലയിരുത്തപ്പെടുന്നു. അലിഗഢ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം, മുഹമ്മദ് ഹബീബിന്റെയും നൂറുല്‍ ഹസന്റെയും നേതൃത്വത്തില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രരചനാ രീതിശാസ്ത്രങ്ങള്‍ അവലംബിച്ച് സുവര്‍ണ കാലഘട്ടത്തിലേക്കു കാലൂന്നുന്ന സമയത്താണ് 1953ല്‍ സതീഷ് ചന്ദ്ര റീഡര്‍ ആയി അവിടെയെത്തുന്നത്. സുല്‍ത്താന്മാരുടെയും രാജാക്കന്മാരുടെയും പടയോട്ടങ്ങളുടെ ചരിത്രമായും അധികാര വടംവലികളുടെ ചരിത്രമായും മധ്യകാല ചരിത്രം ഗണിക്കപ്പെട്ട ചരിത്ര രചനാശൈലിയില്‍നിന്നു വ്യതിരിക്തമായി, ചരിത്രസംഭവങ്ങളെ അവയുടെ സമഗ്രമായ സാമൂഹിക, രാഷ്ട്രീയ പ്രതലത്തില്‍ വിശകലനം ചെയ്യുന്ന സമീപനമാണ് സതീഷ് ചന്ദ്ര തന്റെ ചരിത്ര രചനയിലുടനീളം സ്വീകരിച്ചത്.
മുഗള്‍ സാമ്രാജ്യത്തിന്റെ പതനം, മുഗള്‍ ഭരണാധികാരികളുടെ മതവീക്ഷണങ്ങള്‍, പ്രാദേശിക ഭരണാധികാരികളോടുള്ള സമീപനങ്ങള്‍, മറാഠികള്‍, ജാട്ടുകള്‍ മുതലായ പ്രാദേശിക ഭരണകൂടങ്ങളുടെ ഉയര്‍ച്ച തുടങ്ങിയവയായിരുന്നു ചന്ദ്ര തുടര്‍രചനകളില്‍ അന്വേഷണ വിഷയമാക്കിയത്. വ്യക്തികേന്ദ്രീകൃതമായ ചരിത്ര രചനാസമ്പ്രദായത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ഔറംഗസേബിന്റെ മതപരമായ നയങ്ങളാണെന്ന ജദുനാഥ് സര്‍ക്കാരിന്റെ വാദഗതികളെ അദ്ദേഹം തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകളായി നടപ്പിലുണ്ടായിരുന്ന ജാഗിര്‍ദാരി സമ്പ്രദായത്തിന്റെ തകര്‍ച്ചയാണ് മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഔറംഗസേബിന്റെ പ്രമാദമായ ഡെക്കാന്‍ ആക്രമണവും മതപരമായ നയങ്ങളും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് സതീഷ് ചന്ദ്ര വിലയിരുത്തുന്നത്.
അലിഗഢ് സര്‍വകലാശാലയില്‍നിന്നു മാറി രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന ചന്ദ്ര പേര്‍ഷ്യന്‍ ഭാഷയോടൊപ്പം പ്രാദേശിക ഭാഷകളും പഠിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. 17,18 നൂറ്റാണ്ടുകളിലെ കേന്ദ്രീകൃത മുഗള്‍ ഭരണകൂടവും, പ്രാദേശിക ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മനസിലാക്കി. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തിനു കീഴില്‍ രാജസ്ഥാന്‍ സര്‍വകലാശാല ചരിത്രവിഭാഗം ബിക്കാനീര്‍, അജ്മീര്‍, ജയ്‌സാല്‍മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രാദേശിക ആര്‍കൈവ്‌സുകള്‍ സ്ഥാപിക്കുകയും ചെയ്തു. 1970കളില്‍ ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്ഥാപിതമായപ്പോള്‍, മധ്യകാല ചരിത്രപഠന വിഭാഗത്തിനു നേതൃത്വം കൊടുക്കാന്‍ ചന്ദ്രയെയാണ് ക്ഷണിച്ചത്. കുറച്ചു കാലത്തേക്കു മാത്രമാണ് അദ്ദേഹം അവിടെ ഉണ്ടായതെങ്കിലും ജെ.എന്‍.യുവിലെ ചരിത്ര പഠനവിഭാഗത്തിലെ പില്‍ക്കാല പാഠ്യരീതികളിലും ഗവേഷണ രീതിശാസ്ത്രത്തിലും ചന്ദ്രയുടെ സ്വാധീനം ഇന്നും പ്രകടമാണ്.
പിന്നീട് യു.ജി.സി ഉപാധ്യക്ഷനായും ശേഷം അധ്യക്ഷനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ സര്‍വകലാശാല-കോളജ് വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനുള്ള ഒട്ടനവധി നടപടികള്‍ അദ്ദേഹം കൈക്കൊള്ളുകയുണ്ടായി. സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകര്‍ക്കു തുടക്കത്തില്‍ ഒരേ ശമ്പളം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു. സമയബന്ധിതമായി അധ്യാപകര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. സതീഷ് ചന്ദ്ര അധ്യക്ഷനായ സമയത്തുതന്നെയാണു ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ജെ.ആര്‍.എഫ് സമ്പ്രദായവും നടപ്പാക്കിയത്. ഒരേസമയം മികച്ചൊരു അധ്യാപകനും ചരിത്ര രചയിതാവും ഭരണകര്‍ത്താവും, എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യസ്‌നേഹിയുമായ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു പ്രൊഫ. സതീഷ് ചന്ദ്ര. അദ്ദേഹത്തിന്റെ വിയോഗം ചരിത്രകുതുകികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ നഷ്ടമാണെന്നതില്‍ സംശയമില്ല.
(ജെ.എന്‍.യു ചരിത്ര വിഭാഗത്തില്‍
ഗവേഷകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."