അലിഗഢിന്റെ കഥകള്‍
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നിന്ന് അലിഗഢിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഒന്നുരണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ കുറച്ചാളുകള്‍ കയറി. ഇടയ്ക്കിടെ മാത്രം തെളിയുന്ന പ്രകാശത്തിലാണു യാത്രക്കാരെ തിരിച്ചറിയുന്നത്. ദീര്‍ഘയാത്രയില്‍ സീറ്റ് കിട്ടാത്തതിലുള്ള നീരസം അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അവരില്‍ ചിലര്‍ പരിചയപ്പെടാനെന്നോണം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കേരളക്കാരനാണെന്നും അലിഗഢില്‍ പഠിക്കുകയാണെന്നും പറഞ്ഞു. അലിഗഢ് എന്നു കേട്ടപ്പോഴേക്കും യുവാക്കളടങ്ങിയ ആ കൂട്ടം പറഞ്ഞ വാക്കുകളിങ്ങനെ: ''അലിഗഢ് മുസല്‍മാന്മാരുടെ കേന്ദ്രമാണ്. അവിടെ മുസല്‍മാന്‍ മാത്രമേ പഠിക്കുന്നുള്ളൂ.''
അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഒരു മാസക്കാലം ഒരേ കട്ടിലില്‍ കൂടെക്കിടന്ന സുഹൃത്ത് ചകിതിനെയായിരുന്നു. തുടര്‍ന്നുവന്ന വാക്കുകള്‍ വര്‍ഗീയതയും വംശീയതയും ഉള്‍ച്ചേര്‍ന്നതായിരുന്നു. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയെ കുറിച്ച് ഇന്ത്യന്‍ പൊതുബോധം സൃഷ്ടിച്ച അപരവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു ആ പ്രതികരണങ്ങള്‍.
19ാം നൂറ്റാണ്ട് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകള്‍ക്ക് ഒരു പരീക്ഷണഘട്ടമായിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ വീഴ്ചയോടെ മുസ്‌ലിംകള്‍ക്ക് അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ ആധിപത്യം നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഡല്‍ഹി പിടിച്ചടക്കിയതോടെ മുസ്‌ലിംകളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ഭീഷണി ഉയര്‍ന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ബ്രിട്ടീഷുകാര്‍ സംശയദൃഷ്ടിയോടെയാണ് മുസ്‌ലിംകളെ വീക്ഷിച്ചത്. ആധുനിക വിദ്യാഭ്യാസം നേടുന്നതിനെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ സ്വന്തം സമുദായത്തോട് അന്ന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇങ്ങനെ പറഞ്ഞു: ''മുസ്‌ലിംകളുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യദാഹത്തെ മനസിലാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. ഞാന്‍ അതിനെ വളരെയധികം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ക്കു ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ഭാവിയില്‍ അതിനെ ചരിത്രവല്‍ക്കരിക്കാന്‍, ഇപ്പോള്‍ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരും കാണില്ല. ദേശീയതയുടെ വക്താക്കള്‍ എഴുതുന്ന ചരിത്രത്തിലാകട്ടെ നിങ്ങള്‍ ഉണ്ടാകുകയുമില്ല.''
ആ വാക്കുകള്‍ അക്ഷരംപ്രതി പുലരുന്നതായിരുന്നു പിന്നീട് കണ്ടത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുവന്നു. ആധുനിക വിദ്യാഭ്യാസം സ്വായത്തമാക്കലാണു പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിനും നേതൃത്വം നല്‍കി. സര്‍ സയ്യിദിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും സമുദായസ്‌നേഹത്തിന്റെയും ഉത്തമോദാഹരണമായി ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ജ്വലനകാന്തിയോടെ ഇന്നു തലയുയര്‍ത്തി നില്‍ക്കുന്നു, അലിഗഢ് മുസ്‌ലിം സര്‍വകലാശാല.
ത്യാഗനിര്‍ഭരതയുടെ കനകസൗധം
1875ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് സ്ഥാപിച്ചുകൊണ്ടായിരുന്നു സര്‍ സയ്യിദിന്റെ തുടക്കം. മുസ്‌ലിംകള്‍ക്കിടയില്‍ അഭിമാന, സ്വാശ്രയത്വ ബോധം വളര്‍ത്താനും പാശ്ചാത്യ-പൗരസ്ത്യ വിജ്ഞാനങ്ങള്‍ സമന്വയിപ്പിക്കുന്ന കേന്ദ്രമാക്കി കോളജിനെ മാറ്റാനും സര്‍ സയ്യിദ് പരിശ്രമിച്ചു. ഓരോ ജില്ലയിലും ഒരു സ്‌കൂളെങ്കിലും സ്ഥാപിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. അലിഗഢ് എന്ന ഭൂപ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമായിരുന്നില്ല സര്‍ സയ്യിദ് വിഭാവനം ചെയ്തത്. ഇന്ത്യയിലുടനീളം മുസ്‌ലിം സമുദായത്തിന്റെ കരങ്ങളാല്‍ ഒരു വിദ്യാഭ്യാസശൃംഖല സ്ഥാപിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈയൊരു വീക്ഷണത്തോടെ 1886ല്‍ മുഹമ്മദന്‍ എജ്യുക്കേഷനല്‍ കോണ്‍ഫറന്‍സ് സ്ഥാപിച്ചു. വ്യത്യസ്ത ദേശങ്ങളിലെ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പ്രശ്‌നപരിഹാരത്തിനുള്ള വേദിയായി കോണ്‍ഫറന്‍സ് മാറി.
അലിഗഢിലെ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാന്‍ ജാതിമതഭേദമില്ലാതെ എല്ലാവരുടെയും മുന്നില്‍ സര്‍ സയ്യിദ് കൈനീട്ടി. ചില കേന്ദ്രങ്ങളില്‍നിന്നു പരിഹാസം കേള്‍ക്കേണ്ടിവന്നു. 'ഇത് എനിക്കുവേണ്ടിയല്ല; ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടുതന്നെ എനിക്കു ലജ്ജ തോന്നുന്നില്ല' എന്ന് അദ്ദേഹത്തിനു പരസ്യമായി പറയേണ്ടിവന്നു. എത്ര പിരിച്ചിട്ടും ഫണ്ട് തികയാതെ വന്നപ്പോള്‍ പുത്രന്റെ വിവാഹസല്‍ക്കാരത്തിനായി കരുതിവച്ച 500 രൂപ സ്വപ്ന ഉദ്യമത്തിനെടുത്തു. ചിത്രപ്രദര്‍ശനം നടത്തിയും പുസ്തകം വിറ്റും പാട്ടുപാടിയുമൊക്കെയാണ് സര്‍ സയ്യിദ് പണം സ്വരൂപിച്ചത്.
മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് സര്‍വകലാശാലയായി ഉയര്‍ത്തണമെന്ന സ്വപ്നം പൂവണിയാതെയാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 1898ല്‍ കഥാവശേഷനാകുന്നത്. അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും ആ സ്വപ്നസാക്ഷാത്കാരത്തിനായി നടത്തിയ ത്യാഗനിര്‍ഭരതയുടെ ചരിത്രം ഇന്നും ആ പാതയോരങ്ങളില്‍ ചിരന്തനമായി കിടക്കുന്നുണ്ട്. 30 ലക്ഷം രൂപ സ്വരൂപിച്ചാലേ ലക്ഷ്യം കാണാനാകൂ എന്നു വന്നപ്പോള്‍ 'സര്‍ സയ്യിദ് മെമ്മോറിയല്‍ ഫണ്ട് ' എന്ന പേരില്‍ മുഹ്‌സിനുല്‍ മുല്‍ക്കും ആഫ്താബ് അഹ്മദ് ഖാനും ചേര്‍ന്നു രാജ്യത്തുടനീളം വിഭവസമാഹരണ പര്യടനം നടത്തി. ഒഴിവുദിവസങ്ങളില്‍ 'ഭിക്ഷ' യാചിക്കാന്‍ കോളജ് വിദ്യാര്‍ഥികളുടെ 'ഡ്യൂട്ടി സൊസൈറ്റി' രൂപീകരിച്ചു. കുടുംബാവശ്യത്തിനു നീക്കിവച്ച 2000 രൂപ യൂനിവേഴ്‌സിറ്റി ഫണ്ടിലേക്ക് സംഭാവനയായി നല്‍കി, കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ബദ്‌റുദ്ദീന്‍ ത്വയ്യിബ്ജി.
അലീഗഢ് എന്ന സര്‍വകലാശാല
1920ല്‍ സെന്‍ട്രല്‍ ലെജിസ്‌ട്രേറ്റര്‍ അലിഗഢ് ആക്ട് പാസാക്കിയതോടെയാണ് അലിഗഢ് സര്‍വകലാശാല എന്ന സര്‍ സയ്യിദിന്റെ ജീവിതാഭിലാഷം ഔദ്യോഗികമായി പൂവണിഞ്ഞത്. അലിഗഢ് ആക്ട് പ്രകാരം മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനമാണു സ്ഥാപനത്തിന്റെ ലക്ഷ്യം. സ്ഥാപനം നിയന്ത്രിക്കുന്നത് മുസ്‌ലിംകള്‍ മാത്രം അടങ്ങിയ കോര്‍ട്ടായിരിക്കും. ജാതിമത വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കു പഠനം നടത്താം. എന്നാല്‍, സ്ഥാപനം പൂര്‍ണമായും ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലായിരിക്കും. എ.എം.യു ആക്ടിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം എം.എ.ഒ കോളജ്, നടത്തിപ്പുകാരായ മുസ്‌ലിം യൂനിവേഴ്‌സിറ്റി അസോസിയേഷന്‍, മുസ്‌ലിം യൂനിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ കമ്മിറ്റി എന്നിവ നിയമപരമായി ഇല്ലാതാകുകയും അവയുടെ സ്വത്തുവഹകള്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
പ്രകാശമാനമായ ഒന്നേക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അലിഗഢ് സര്‍വകലാശാല എന്ന വിജ്ഞാനനഗരിയിലെ ഓരോ വഴിയിലും വലിയൊരു ചരിത്രം മയങ്ങിക്കിടപ്പുണ്ട്. ബ്രിട്ടീഷ്‌വിരുദ്ധ നിലപാട് ഉപേക്ഷിച്ച് സൗഹൃദപാത തേടിയ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആരംഭം കുറിച്ചത് ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ദേശീയ മുസ്‌ലിംകളുടെ വിഹാരകേന്ദ്രമായതു മാറി. ഇന്ത്യന്‍ മുസ്‌ലിംകളുടെ ബൗദ്ധികകേന്ദ്രവുമായി അലിഗഢ്.
അലിഗഢിന്റെ ഊടുവഴികളിലൂടെ നെഹ്‌റുവും കെന്നഡിയും ഇഖ്ബാലും നടന്നുനീങ്ങിയിട്ടുണ്ട്. വിഖാറുല്‍ മുല്‍ക്കും മുഹ്‌സിനുല്‍ മുല്‍ക്കും ആ പാതയോരങ്ങളിലെവിടെയോ വച്ച് മുസ്‌ലിം ഇന്ത്യയുടെ ഭാവിയെക്കുറിച്ച ഗൗരവമായ ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ട്. അപ്പുറവമിപ്പുറവും കാണുന്ന നരച്ച കെട്ടിടങ്ങളിലൊന്നിലിരുന്നാണ് സര്‍ തോമസ് ആര്‍നോള്‍ഡ് പ്രസിദ്ധമായ ഠവല ജൃലമരവശിഴ ീള കഹെമാ എഴുതിപ്പൂര്‍ത്തിയാക്കിയത്. ഇന്തോ-ഇസ്‌ലാമിക് ശില്‍പഭംഗി തുടിച്ചുനില്‍ക്കുന്ന ചുവന്ന ഇഷ്ടികക്കെട്ടിടങ്ങള്‍ക്കുള്ളിലെവിടെയോ വച്ച് അല്ലാമാ ശിബ്‌ലി നുഅ്മാനി, പ്രഗത്ഭനായ ചരിത്രകാരനെന്നു പിന്മുറക്കാര്‍ വിശേഷിപ്പിച്ച ഈശ്വരി പ്രസാദിനു ചരിത്രപാഠങ്ങള്‍ ചൊല്ലിക്കൊടുത്തിട്ടുണ്ട്. ഡോ. സാകിര്‍ ഹുസൈനും മുഹമ്മദ് അബ്ദുര്‍റഹ്മാനും സയ്യിദ് അമീര്‍ അലിയും രാജാ മഹേന്ദ്ര പ്രതാപും നവാബ് ലിയാഖത്ത് അലി ഖാനും അതിര്‍ത്തി ഗാന്ധിയും ശൈഖ് അബ്ദുല്ലയും അലി സഹോദരന്മാരും ഹര്‍ഷ് നാരായണും റഫീ അഹ്മദ് കിദ്വായിയും മുഹമ്മദ് ഹബീബും മുഷീറുല്‍ ഹസനും സയ്യിദ് ഹാമിദും സാഹിബ് സിങ് വര്‍മയും ഹാമിദ് അന്‍സാരിയും നസീറുദ്ദീന്‍ ഷായും വക്കം പുരുഷോത്തമനുമെല്ലാം വ്യത്യസ്തമായ കാലങ്ങളിലും നേരങ്ങളിലും ആ കാംപസിനകത്ത് ചൂടേറിയ ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. കാംപസിനകത്തെ പാതവക്കിലെ പുല്‍ത്തകിടികളിലും തൊട്ടടുത്തു കാണുന്ന സ്ട്രാച്ചി ഹാളിലുമിരുന്നാണ് ഹസ്രത്ത് മൊഹാനിയും മജാസും കെയ്ഫീ ആസ്മിയും അലി സര്‍ദാര്‍ ജാഫ്രിയും ജാന്‍ നിസാര്‍ അഖ്തറും മകന്‍ ജാവേദ് അഖ്തറും നബകാന്ത ബറുവയും അനുഭവ് സിന്‍ഹയും സാഹിര്‍ ലുധിയാന്‍വിയും ഷകീല്‍ ബദായൂനിയും കെ.എ അബ്ബാസും മജ്‌റൂഹ് സുല്‍ത്താന്‍പുരിയും ഷാഹിദ് ലതീഫും പത്‌നി ഇസ്മത് ചുഗ്തായിയും ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും മഹാഭാരതം സീരിയലിന് തിരക്കഥയെഴുതി സംഭാഷണം തീര്‍ത്ത റാഹി മഅ്‌സൂം റസയും പുനത്തില്‍ കുഞ്ഞബ്ദുല്ലയുമെല്ലാം സാഹിത്യത്തെയും സമൂഹത്തെയും കുറിച്ച ചര്‍ച്ചകളിലേര്‍പ്പെട്ടത്. കാംപസിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അനേകം പച്ചപ്പുല്‍ മൈതാനങ്ങളിലാകും ലാലാ അമര്‍നാഥും ധ്യാന്‍ചന്ദും സഫര്‍ ഇഖ്ബാലുമെല്ലാം ക്രിക്കറ്റും ഹോക്കിയും പരിശീലിച്ചിട്ടുണ്ടാകുക.
രാത്രി രണ്ടുവരെ പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് ലൈബ്രറിയില്‍ പുസ്തകങ്ങളില്‍ കണ്ണും പൂഴ്ത്തിയിരിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരുമുണ്ട്. ബൗദ്ധിക സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് സജീവമാകുന്ന ഡിപാര്‍ട്‌മെന്റ് സെമിനാറുകള്‍, കവിയരങ്ങുകള്‍, നുമായിഷ്, വിജയത്തിലേക്ക് വിളിക്കുന്ന പള്ളി മിനാരങ്ങള്‍, ധാബകള്‍, വെടിവെട്ടം സജീവമായ ചായക്കടകള്‍, പിന്നെ തേനീച്ചക്കൂടു പോലെ സദാ സജീവമായ കാന്റീന്‍. അലിഗഢ് ചരിത്രത്തിലേക്കു പരന്നൊഴുകുകയാണ്.
പോരാട്ടത്തിന്റെ കനല്‍പഥങ്ങളില്‍
തീവ്രഹിന്ദുത്വത്തോടു പടപൊരുതിയാണ് അലിഗഢ് അതിന്റെ പ്രയാണം തുടങ്ങിയത്. 1930കളിലും നാല്‍പതുകളിലും അലിഗഢ് സര്‍വകലാശാലയ്‌ക്കെതിരേ ആര്‍.എസ്.എസ് കുപ്രചാരണങ്ങള്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യപ്പുലരിയില്‍തന്നെ തീവ്രവലതുപക്ഷം സര്‍വകലാശാലയ്‌ക്കെതിരേ വാളോങ്ങിയപ്പോഴാണ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ 1951ലെ നിയമഭേദഗതി കൊണ്ടുവരുന്നത്. 1920ലെ അലിഗഢ് ആക്ടില്‍നിന്ന് 23 (1) വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ മുസ്‌ലിമിതര വിഭാഗത്തിനും കോര്‍ട്ടില്‍ അംഗങ്ങളാകാം എന്ന അവസ്ഥ സംജാതമായി. മതപഠനം ഐച്ഛികവിഷയമായി മാറുകയും ചെയ്തു. എന്നാല്‍, അപ്പോഴൊന്നും സര്‍വകലാശാല മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്വത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പാകിസ്താന്‍ രൂപീകരിച്ചതോടെ അലിഗഢ് അടച്ചുപൂട്ടണമെന്നുപോലും ആര്‍.എസ്.എസും ഹിന്ദുമഹാസഭയും കിട്ടാവുന്ന വേദികളിലെല്ലാം ആക്രോശിച്ചുനടന്ന കാലഘട്ടമായിരുന്നു അത്. എന്നാല്‍, നെഹ്‌റുവിന്റെ വിയോഗത്തോടെ രാഷ്ട്രീയപരമായി നിരവധി വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തില്‍ ഇന്ദിരാഗാന്ധി തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ അലിഗഢിലേക്കു തിരിഞ്ഞു. വിദ്യാഭ്യാസമന്ത്രിയായിരുന്ന മുഹമ്മദ് കരീം ചഗ്ല എന്ന കോടാലിയെ ഉപയോഗിച്ച് ഇന്ദിര അലിഗഢ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. അലിഗഢ് കോര്‍ട്ടിന്റെ ഭരണാധികാരപദവി എടുത്തുകളയുകയും എക്‌സിക്യൂട്ടിവ് കൗണ്‍സിലിനെ മുഴുവന്‍ അധികാരവും ഏല്‍പിക്കുകയും ചെയ്തു. കോര്‍ട്ട് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം വിസിറ്ററില്‍ നിക്ഷിപ്തമായതോടെ സര്‍വകലാശാല സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലായി. ഈ ആക്ടിനെതിരേ പരമോന്നത നീതിപീഠത്തെ സമീപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.
1967 ഒക്ടോബര്‍ 30ന് ചീഫ് ജസ്റ്റിസ് വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ചഗ്ലയുടെ നിലപാട് ആവര്‍ത്തിച്ചു. അസീസ് ബാഷയൂനിയന്‍ ഓഫ് ഇന്ത്യ കേസിന്റെ(അ്വലല്വ ആമവെമ ഢ െഡിശീി ീള കിറശമ 1968) വിധി സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്വഭാവത്തിന്റെ കടയ്ക്കലാണു കത്തിവച്ചത്. ഭരണഘടനയുടെ 30-ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന ന്യൂനപക്ഷ സ്ഥാപനം എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ വകവച്ചുതരുന്ന പദവി 1920ലെ അലിഗഢ് ആക്ട് നല്‍കുന്നില്ല എന്നാണു കോടതിയുടെ വാദം. ഈ വിധിക്കെതിരേ നേരെചൊവ്വെ ചിന്തിക്കുന്ന എല്ലാവിഭാഗങ്ങളും ശക്തമായ ശബ്ദമുയര്‍ത്തിയപ്പോഴാണ് 1981ല്‍ ഇന്ദിരാ ഗാന്ധി മറ്റൊരു ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ഭേദഗതികൊണ്ട് ന്യൂനപക്ഷ സ്വഭാവം തിരിച്ചുകിട്ടില്ലെന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധവുമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ അതിനെതിരേ പരമോന്നത നീതിപീഠത്തെ സമീപിച്ചു. ഈ കേസിലാണ് യു.പി.എ സര്‍ക്കാരിന്റെ നിലപാടിനെ പൂര്‍ണമായും തള്ളിക്കൊണ്ട് അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷത്തിന്റേതല്ല എന്ന് ബി.ജെ.പി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന യു.ജി.സി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍വകലാശാലയുടെ പേരിലുള്ള 'മുസ്‌ലിം' എന്നത് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
അതോടൊപ്പം അലിഗഢ് ഒരു വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മാത്രമായി ചുരുങ്ങുന്നുവെന്നും തല്‍പരകക്ഷികള്‍ പ്രചാരണം ശക്തമാക്കുന്നുണ്ട്. എന്നാല്‍, എം.എ.ഒ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ ഹെന്റി ജോര്‍ജ് എന്ന ക്രിസ്ത്യാനിയായിരുന്നു. ആദ്യ ബിരുദധാരി ഈശ്വരി പ്രസാദ് എന്ന ഹിന്ദു വിദ്യാര്‍ഥിയും ആദ്യ വിസിറ്റര്‍ സിഖുകാരനായ മഹാരാജ മഹേന്ദ്ര സിങ് പാട്യാലയുമായിരുന്നു. പുഷ്‌കലമായ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്നു അലിഗഢ് മുസ്‌ലിം സര്‍വകലാശാല എന്നതിനു ചരിത്രം സാക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."