ഈജിപ്തില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 54 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കെയ്‌റോ: ഈജിപ്തില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ 54 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഈജിപ്തിലെ പശ്ചിമ മേഖലയില്‍ മരുഭൂമിയിലെ ഭീകരരുടെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.
കൊല്ലപ്പെട്ടവരില്‍ 20 പേര്‍ സൈനിക ഓഫിസര്‍മാരും 34 പേര്‍ പുതുതായി സേനയില്‍ ചേര്‍ന്നവരുമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഐ.എസിന്റെ പ്രാദേശിക ഘടകമാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. ഈജിപ്തിലെ സീനാ പ്രവിശ്യയില്‍ 2013 മുതല്‍ സര്‍ക്കാര്‍ സൈന്യവും ഐ.എസ് ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റമുട്ടല്‍ നടന്നുവരികയാണ്.
2013നു ശേഷം ഈജിപ്ഷ്യന്‍ സുരക്ഷാ സേനയ്ക്ക് ഉണ്ടായ കനത്ത നഷ്ടങ്ങളിലൊന്നാണിത്. കയ്‌റോയില്‍ നിന്ന് 135 കി.മീ അകലെയുള്ള വാഹത്ത് അല്‍ ബഹാരിയ മേഖയിലാണ് ആക്രമണമുണ്ടായത്. എട്ടു തീവ്രവാദികള്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണു സുരക്ഷാസേന പരിശോധനയ്‌ക്കെത്തിയത്. പരുക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് സൈന്യത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാത്രി വൈകിയും വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണെന്ന് ഈജിപ്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."