കൊച്ചിയില്‍ ഇന്ന് അവസാന മത്സരം സ്പാനിഷ് പടയ്‌ക്കെതിരേ
കൊച്ചി: മൂന്ന് തവണ ഫൈനലിലെത്തിയിട്ടും പിടിച്ചെടുക്കാന്‍ കഴിയാതെ പോയ അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇത്തവണ ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന സ്പാനിഷ് പടയും ലോകകപ്പ് ഫുട്‌ബോളില്‍ ഏഷ്യന്‍ ശക്തിയായി ഉദയംകൊണ്ട ഇറാനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങി.
ലോകകപ്പ് കീരീടം എന്ന ലക്ഷ്യത്തിലേക്ക് പന്തുരുട്ടുന്ന ഇരു ടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം നിര്‍ണായകമായതിനാല്‍ പുതിയ തന്ത്രങ്ങളുമായിട്ടായിരിക്കും ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്‍- ഇറാന്‍ മല്‍സരത്തോടെ കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് പര്യവസാനം കുറിക്കും.
ഇതുവരെ തോല്‍വി അറിയാതെ അജയ്യരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്ന ഇറാന്‍ ഇതിനകം 12 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. വഴങ്ങിയതാകട്ടെ രണ്ട് ഗോളുകള്‍ മാത്രം. ഗ്വിനിയ, ജര്‍മനി, കോസ്റ്റ റിക്ക, മെക്‌സിക്കോ ടീമുകളെ തകര്‍ത്ത് കൊച്ചിയിലെത്തിയ ഇറാന്റെ പ്രകടനങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ലോകകപ്പ് ഫുട്‌ബോളിലെ കരുത്തന്മാരായ ജര്‍മനിയെ 4-0ന് തകര്‍ത്തതായിരുന്നു. സയ്യിദ് കരീമി, വാഹിദ് നാംധാരി, താഹ ശരിയത്തി, മുഹമ്മദ് സര്‍ദ്ദാരി, മുഹമ്മദ് ഗോബില്‍ഷാനി, മുഹമ്മദ് ശരീഫി എന്നിവരെല്ലാം ഇറാന്‍ നിരയില്‍ വല ചലിപ്പിച്ച താരങ്ങളാണ്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച മഞ്ഞക്കാര്‍ഡുകള്‍ ഇറാന് ഇന്നത്തെ മത്സരത്തില്‍ തലവേദനയാകും.
മറുവശത്ത് സ്‌പെയിന്‍ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് 1- 2നു തോറ്റുവെങ്കിലും അടുത്ത മത്സരങ്ങളില്‍ ഫോം കണ്ടെത്തിയാണ് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരായ വിജയം സ്‌പെയിനിന് ആത്മവിശ്വാസം പകരുന്നതായിരുന്നു ഇതിനകം മൂന്ന് ഗോള്‍ നേടിയ ക്യാപ്റ്റന്‍ കൂടിയായ ആബേല്‍ റൂയിസിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ. സീസര്‍ ഗിലെബര്‍ട്ട്, സെര്‍ജിയോ ഗോമസ്, മുഹമ്മദ് മൊഖാലിസസ്, ജൂവാന്‍ മിരാന്‍ഡ എന്നിവരും പ്രധാന താരങ്ങള്‍.
കരുത്തരായ ഫ്രാന്‍സിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍. കോച്ച് സാന്റി നിലവിലുള്ള വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ഇടയില്ല.
എതിരാളിയുടെ ശക്തി കുറച്ചുകാട്ടാതെ പരിശീലകര്‍
സ്‌പെയിനെതിരായ മത്സരം അസാധ്യമായ ദൗത്യമായി തോന്നുന്നില്ലെന്ന് ഇറാന്‍ കോച്ച് അബ്ബാസ് ഷാമാനിയാന്‍. കൊച്ചിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കെല്ലാം വിരുന്നാകുന്ന മത്സരമായിരിക്കും ഇറാന്‍ ഒരുക്കുക. ഗോവയില്‍ ലഭിച്ച പിന്തുണ കൊച്ചിയിലും പ്രതീക്ഷിക്കുന്നു. ക്യാപ്റ്റന്‍ അഗോലാം സാദിയയ്ക്ക് ഒപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയ കോച്ച് തന്റെ ടീമിന്റെ തോല്‍വിയറിയാതെയുള്ള പ്രകടനം ആവര്‍ത്തിക്കുമെന്ന വിശ്വാസമാണ് പ്രകടിപ്പിച്ചത്. ജര്‍മനിക്കെതിരായ വിജയം അമിത ആത്മവിശ്വാസം നല്‍കുന്നില്ല. ഓരോ മത്സരവും വ്യത്യസ്തമാണ്. മെക്‌സിക്കോക്കെതിരായ മത്സരം കടുപ്പമായിരുന്നു.
കൊച്ചിയില്‍ വീണ്ടും തിരിച്ചെത്തിയ സ്‌പെയിന്‍ ഇവിടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതിന്റെ മുന്‍തൂക്കം തള്ളിക്കളഞ്ഞു. ഗുവാഹത്തിയില്‍ ആയിരുന്നു കഴിഞ്ഞ മത്സരം. ഓരോ മത്സരവും വ്യത്യസ്തമായിരിക്കുമെന്ന് കോച്ച് സാന്റി ചൂണ്ടിക്കാട്ടി. ബ്രസീലിനോട് തോല്‍ക്കുകയും അസേമയം ഫ്രാന്‍സിനെതിരെ വിജയിക്കുകയും ചെയ്ത സ്‌പെയിനിന്റെ വിജയ സാധ്യത പ്രവചനാതീതമാണ്. ഇറാന്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ നാല് കളികളും ജയിച്ചു.
പ്രതിരോധവും ഉറച്ചതാണ്. ഫ്രാന്‍സിനെതിരായ മത്സരത്തിന് ശേഷം ടീമില്‍ പുരോഗതിയുണ്ട്. എതിരാളികളുടെ നീക്കം അനുസരിച്ചായിരിക്കും ആക്രമണമോ പ്രതിരോധമോ പുറത്തെടുക്കേണ്ടി വരുന്നതെന്ന കാര്യം തീരുമാനിക്കൂവെന്നും സ്പാനിഷ് കോച്ച് പറഞ്ഞു. ക്യാപ്റ്റന്‍ റൂയിസിന് പകരം എറിക് ഗാര്‍ഷ്യയോടൊപ്പമാണ് സ്പാനിഷ് കോച്ച് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."