ഇംഗ്ലീഷ് തേരോട്ടം; ആഫ്രിക്കന്‍ പോരില്‍ മാലി
പനാജി: അണ്ടര്‍ 17 ലോകകപ്പില്‍ ഘാനയെ വീഴ്ത്തി മാലിയും അമേരിക്കയെ കീഴടക്കി ഇംഗ്ലണ്ടും സെമിയിലേക്ക് മുന്നേറി. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഘാനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മാലി സെമിയിലെത്തുന്ന ആദ്യ ടീമായി. രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. റിയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് ഗംഭീര ജയം സമ്മാനിച്ചത്. 11,14,90 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് ഗോളുകള്‍ പിറന്നത്. ശേഷിച്ച ഗോള്‍ ഗിബ്‌സ് വൈറ്റ് സ്‌കോര്‍ ചെയ്തു. 72ാം മിനുട്ടില്‍ സാര്‍ജെന്റാണ് അമേരിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഡ്രാമെ, ട്രാവോറെ എന്നിവര്‍ മാലിക്കായി ഗോള്‍ നേടിയപ്പോള്‍ കുഡൂസ് മുഹമ്മദ് ഘാനയുടെ ആശ്വാസ ഗോള്‍ നേടി. വിജയഫോര്‍മേഷനായ 4-1-4-1 എന്ന ശൈലിയിലാണ് മാലി കളത്തിലിറങ്ങിയത്. സൂപ്പര്‍ താരം ലസാന എന്‍ഡ്യായെക്ക് ആക്രമണത്തിന്റെ ചുമതല നല്‍കി. കനത്ത മഴയ്ക്കിടെ മാലിയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. മറുവശത്ത് തുടക്കത്തില്‍ ഘാനയുടെ എറിക് അയിയയും ഇബ്രാഹിം സുള്ള്യയും തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 15ാം മിനുട്ടില്‍ മാലി ആദ്യ ഗോള്‍ നേടി. സലാം ജിദ്ദുവും എന്‍ഡ്യായെയും തമ്മിലുള്ള പാസിങ് ഗെയിമിനൊടുവില്‍ പന്ത് ലഭിച്ച ഡ്രാമെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണം കടുപ്പിച്ചു. ഘാന സമനില ഗോളിനായി ശ്രമിച്ചുകൊണ്ടിരിക്കെയാണ് മാലി ലീഡ് ഉയര്‍ത്തിയത്. 61ാം മിനുട്ടില്‍ ലോങ് പാസുമായി മുന്നേറിയ ട്രാവോറെ ഘാന ഗോള്‍കീപ്പര്‍ ഡാന്‍ലാഡ് ഇബ്രാഹിമിന്റെ പിഴവ് മുതലെടുത്താണ് ഗോള്‍ നേടിയത്. ഒന്‍പത് മിനുട്ടുകള്‍ക്ക് ശേഷം ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഫോഡെ കോനാറ്റെ സാദിഖ് ഇബ്രാഹിമിനെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത കുഡൂസ് മുഹമ്മദ് പിഴവില്ലാതെ ഗോള്‍ നേടുകയായിരുന്നു. ഇന്ന് സ്‌പെയിനും ഇറാനും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളെയാണ് മാലി സെമിയില്‍ നേരിടുക. ബ്രസീല്‍- ജര്‍മനി പോരാട്ടത്തിലെ വിജയികളാണ് ഇംഗ്ലണ്ടിന്റെ സെമി എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."