മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഞെട്ടി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലെയ്‌സ്റ്റെര്‍ സിറ്റി ടീമുകള്‍ ജയം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ അട്ടിമറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ബേണ്‍ലിയെയാണ് വീഴ്ത്തിയത്. സെര്‍ജിയോ അഗ്യൂറോ, നിക്കോളാസ് ഒഡാമെന്‍ഡി, ലെറോയ് സാനെ എന്നിവര്‍ ഗോളുകള്‍ നേടി.
മത്സരത്തില്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച സ്‌കോറര്‍ എറിക് ബുക്കിന്റെ 177 ഗോളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും അഗ്യെറോയ്ക്ക് സാധിച്ചു. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചെല്‍സി വാട്‌ഫോര്‍ഡിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ബാറ്റ്ഷുയി ഇരട്ട ഗോള്‍ നേടിയപ്പോള്‍ പെഡ്രോ, അസ്പിലിക്വേറ്റ എന്നിവര്‍ ശേഷിച്ച ഗോള്‍ നേടി. ഹഡേഴ്‌സ്ഫീല്‍ഡിനെതിരേ യുനൈറ്റഡ് എല്ലാ അര്‍ഥത്തിലും പിന്നോക്കം പോവുകയായിരുന്നു. മൂയ്, ഡിപോയിട്ടര്‍ എന്നിവര്‍ ഹഡേഴ്‌സ്ഫീല്‍ഡിനായി സ്‌കോര്‍ ചെയ്തു.
റാഷ്‌ഫോര്‍ഡ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടി. ലെയ്‌സ്റ്റെര്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സിയെ വീഴ്ത്തി. മറ്റു മത്സരങ്ങളില്‍ ബ്രൈറ്റണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വെസ്റ്റ്ഹാമിനെയും ന്യൂകാസില്‍ എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍മൗത്ത് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."