ഇരട്ട പൊന്നില്‍ മിന്നിയത് നാല് താരങ്ങള്‍
പാലാ: ഇരട്ട പൊന്നുമായി മിന്നിയത് നാല് താരങ്ങള്‍. അണ്ടര്‍ 19 പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി, അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ പിറവം മണീട് ജി.വി.എച്ച്.എസിലെ കെ.എം ശ്രീകാന്ത്, അണ്ടര്‍ 19 ആണ്‍കുട്ടികളില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ അനന്തു വിജയന്‍, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അലക്‌സ് പി തങ്കച്ചന്‍ എന്നിവരാണ് സ്വര്‍ണം ഡബിളടിച്ച താരങ്ങള്‍. 5000 മീറ്ററില്‍ 17:18.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനുമോള്‍ തമ്പി രണ്ടാം സ്വര്‍ണം നേടിയത്. ആദ്യദിനത്തില്‍ 3000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു. രണ്ടിനങ്ങളിലും കോഴിക്കോട് ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.ആര്‍ ആതിരയാണ് വെള്ളി നേടിയത്. 1500 മീറ്ററിലും ഇനി അനുമോള്‍ മത്സരിക്കുന്നുണ്ട്.
ലോങ് ജംപില്‍ സ്വന്തം ജ്യേഷ്ഠന്റെ റെക്കോഡ് തകര്‍ത്ത കെ.എം ശ്രീകാന്ത് ഇന്നലെ ഹൈ ജംപിലും സ്വര്‍ണം നേടി ഇരട്ട സ്വര്‍ണം തികച്ചു. 1.95 മീറ്റര്‍ ഉയരമാണ് ശ്രീകാന്ത് മറികടന്നത്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ അബ്രിന്‍ കെ ബാബുവിനാണ് വെള്ളി (1.89). ഇനി ട്രിപ്പിള്‍ ജംപിലും ശ്രീകാന്തിന് മത്സരമുണ്ട്.
ആദ്യ ദിനത്തില്‍ 400 മീറ്ററില്‍ ഒന്നാമനായ അനന്തു വിജയന്‍ ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം കൊയ്തു. 55.03 സെക്കന്‍ഡിലായിരുന്നു അനന്തുവിന്റെ ഇരട്ട സ്വര്‍ണത്തിലേക്കുള്ള കുതിപ്പ്. തിരുവനന്തപുരം സായിയുടെ എന്‍.എസ് അക്ഷയ്ക്കാണ് വെള്ളി (55.73 സെക്കന്‍ഡ്).
അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഷോട് പുട്ടില്‍ സ്വര്‍ണം നേടിയാണ് അലക്‌സ് പി തങ്കച്ചന്‍ ഇരട്ട സ്വര്‍ണ ജേതാവായത്. ആദ്യ ദിനത്തില്‍ ഡിസ്‌ക്കസ് ത്രോയിലും അലക്‌സ് പൊന്നണിഞ്ഞിരുന്നു. 14.13 മീറ്റര്‍ എറിഞ്ഞാണ് അലക്‌സ് ഷോട് പുട്ടില്‍ സുവര്‍ണ നേട്ടം ആവര്‍ത്തിച്ചത്. എറണാകുളം മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ അന്‍ഫാസ് വെള്ളിയും തിരുവനന്തപുരം സായിയിലെ എസ്.എസ് അര്‍ജുന്‍ വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."