ജംപിങ് പിറ്റില്‍ സാന്ദ്രലയം
പാലാ: ജംപിങ് പിറ്റിലെ പുതിയ താരോദയം സാന്ദ്ര ബാബുവില്‍ ടി.പി ഔസേഫ് എന്ന സ്റ്റാര്‍ പരിശീലകന്‍ കാണുന്നത് ഒളിംപ്യനെയല്ല, ഒളിംപിക് മെഡല്‍ ജേത്രിയേയാണ്. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ ആദ്യ പോരാട്ടത്തില്‍ തന്നെ മീറ്റ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും മറികടന്ന പ്രകടനം. പരിശീലകന്‍ ടി.പി ഔസേഫ് പോലും പ്രതീക്ഷിക്കാത്ത പോരാട്ട മികവ്. അഞ്ജു ബോബി ജോര്‍ജിനും ബോബി അലോഷ്യസിനും ലേഖ തോമസിനെയും ഒളിംപ്യന്‍മാരാക്കിയ കളരിയില്‍ നിന്നാണ് സാന്ദ്രയുടെയും വരവ്. നാളെയുടെ ഒളിംപിക് മെഡല്‍ ജേതാവിലേക്ക് സാന്ദ്രയെ കരുതിവെയ്ക്കുകയാണ് ടി.പി ഔസേഫ്. മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാന്ദ്ര ചാടിയത് 6.07 മീറ്റര്‍ ദൂരത്തേക്കാണ്. നിലവിലെ ദേശീയ,സംസ്ഥാന ചാംപ്യനായ ആന്‍സി സോജനെയാണ് ആദ്യ ലോങ് ജംപ് പോരാട്ടത്തിലൂടെ സാന്ദ്ര അട്ടിമറിച്ചത്. ആന്‍സി ഫൈനലിലെ ആദ്യ രണ്ട് ജംപുകള്‍ ഫൗളാക്കി. അവസാന ജംപില്‍ 5.90 മീറ്റര്‍ ചാടി കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ആന്‍സി വെള്ളി പിടിച്ചെടുത്തു.
ട്രിപ്പിള്‍ ജംപിലെ മിന്നും താരം കൂടിയാണ് സാന്ദ്ര. 2010ല്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ നയന ജെയിംസ് സ്ഥാപിച്ച 5.86 മീറ്ററിന്റെ മീറ്റ് റെക്കോര്‍ഡാണ് സാന്ദ്രയുടെ ചാട്ടത്തിന് മുന്നില്‍ മാഞ്ഞത്. 2006ല്‍ പൂനെയില്‍ പശ്ചിമ ബംഗാളിന്റെ സിബാനി ഭുംജിയുടെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് ദൂരമായ 5.88 മീറ്ററും സാന്ദ്ര മറികടന്നു. അഞ്ചാമത്തെ ചാട്ടത്തിലാണ് സാന്ദ്ര റെക്കോര്‍ഡ് ദൂരം മറികടന്നത്. കണ്ണൂര്‍ കേളകം ചിട്ടിപ്പറമ്പ് വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ ടി.കെ ബാബുവിന്റെയും മിശ്രകുമാരിയമ്മയുടെയും മകളാണ്.
നിരവധി ഒളിംപ്യന്‍മാരെ സൃഷ്ടിച്ച ടി.പി ഔസേഫ് അപ്രതീക്ഷിത റെക്കോര്‍ഡ് ചാട്ടത്തില്‍ സംപൃപ്തനല്ല. സ്‌കൂള്‍ മീറ്റില്‍ 5.80, 5.90 മീറ്റര്‍ വരെ മാത്രം ചാടിയാല്‍ മതിയെന്നായിരുന്നു പരിശീലകന്റെ പക്ഷം. കൈയടികളും ആരവും നിറഞ്ഞ പോരാട്ടത്തിന്റെ ഓളത്തില്‍ ചാടിയതാണ് ഈ നേട്ടമെന്ന് ഔസേഫ് പറയുന്നു. നിലവില്‍ 1.68 മീറ്റര്‍ ഉയരമുള്ള സാന്ദ്ര രണ്ട് വര്‍ഷത്തിനകം 1.72 മീറ്ററിലേക്ക് വളരും. ലോക നിലവാരത്തിലുള്ള ഉയരത്തിലേക്ക് എത്തും. നിര്‍ധന കുടുംബത്തില്‍ നിന്ന് വരുന്ന സാന്ദ്രയുടെ കരുതലും കൈത്താങ്ങും പരിശീലകന്‍ തന്നെയാണ്. ഓരോ മാസവും സാന്ദ്രക്ക് 3000 രൂപ സ്റ്റൈപ്പന്റായി സ്വന്തം പോക്കറ്റില്‍ നിന്ന് ടി.പി ഔസേഫ് നല്‍കുന്നു. പോഷകാഹാരങ്ങള്‍ക്കായാണ് ഈ തുക മുടങ്ങാതെ നല്‍കുന്നത്. 15000 രൂപ വില വരുന്ന സാന്ദ്രയുടെ സ്‌പൈക്കും പരിശീലകന്റെ വകയായിരുന്നു. പഠനത്തിലും വായനയിലും ഏറെ മുന്നിലായ സാന്ദ്രയ്ക്ക് ഔസേഫിന്റെ ഭാര്യയും വിദേശത്തുള്ള മകനും സഹായങ്ങള്‍ നല്‍കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ മീറ്റിലെ ഭാവി വാഗ്ദാനവും ഏറ്റവും മികച്ച പ്രകടനവും സാന്ദ്രയുടെതാണെന്നും ഒളിംപ്യന്‍ മേഴ്‌സിക്കുട്ടനും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."