ഇറാഖില്‍ കാണാതായ 39 പേരുടെ ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ ശേഖരിക്കുന്നു
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുമ്പ് മൊസൂളിലെ ഐ.എസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ നിന്ന് വിദേശ കാര്യ മന്ത്രാലയം ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നു.
ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകള്‍ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച ആളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തു നോക്കാനാണിത്. സാമ്പിളുകള്‍ ശേഖരിക്കുന്നത് സ്വാഭാവി നടപടിക്രമമാണെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.
'നമുക്ക് അവരെ കുറിച്ച് വ്യക്തമായ തെളിവുകള്‍ വേണം . പ്രാദേശിക ഭരണകൂടവുമായി നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഡി.എന്‍.എ സാമ്പിളുകള്‍ ലഭിച്ചാല്‍ അത് അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്തന്‍ കഴിയും', വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
രണ്ട് സാമ്പിളുകള്‍ വീതം ഓരോ ആളുകളുടെ ബന്ധുക്കളില്‍ നിന്നും ശേഖരിക്കാനാണ് നിര്‍ദ്ദേശം. ഒന്ന് ബാഗ്ദാദിലേക്കയക്കാനും മറ്റൊന്ന് സര്‍ക്കാരിന് ഡി.എന്‍.എ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണിത്. ഐ.എസിന്റെ പിടിയില്‍ നിന്ന് മോചിതമായ മൊസൂളിലും ബാദുഷിലും മറ്റും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായും സാമ്പിളുകള്‍ ഒത്തു നോക്കും.
തെളിവുകള്‍ ലഭിക്കാത്തിടത്തോളം കാലം 39പേരും മരിച്ചുവെന്ന അനുമാനത്തിലെത്തുന്നത് പാപമാണെന്ന് മൂന്നുമാസം മുമ്പ് വിദേശമന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചിരുന്നു.
ജൂണ്‍ 2014ലാണ് ഐഎസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ബാക്കി 39 പേരെയും ഐ.എസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."