അഴിമതി നടത്താനും പൂഴ്ത്തിവയ്ക്കാനും രാജസ്ഥാനില്‍ കരിനിയമം
അഴിമതി നടത്തുന്നവര്‍ ആരായാലും അവര്‍ തന്റെ മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഉണ്ടായിരിക്കുകയില്ലെന്ന് ഭരണം ഏറ്റെടുത്ത 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശത്തോടെ നടത്തിയ ഉശിരന്‍ പ്രഖ്യാപനമായിരുന്നു. എന്നാല്‍, തന്റെ വിശ്വസ്ത സഹപ്രവര്‍ത്തകനും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ മകന്‍ ജെയ് ഷാ നടത്തിയ കോടികളുടെ അഴിമതിക്ക് മുമ്പില്‍ അദ്ദേഹം കണ്ണടച്ചു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞു വീഴുകയും ചെയ്തു.
ഇപ്പോഴിതാ അഴിമതി നടത്താനും അത് മൂടിവയ്ക്കാനും അത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനുമുള്ള നിയമനിര്‍മാണ പ്രക്രിയയിലാണ് രാജസ്ഥാനിലെ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. പരിഹാസ്യമായ ഈ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പരസ്യമായ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. അത് അതിലേറെ പരിഹാസ്യമെന്നതിനപ്പുറം അഴിമതി നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രോത്സാഹനവും കൂടിയാണ്. അഴിമതിക്കെതിരേ ശബ്ദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകളെടുത്തും പ്രതിഷേധിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും മക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിനെക്കൊണ്ടും സി.ബി.ഐയെക്കൊണ്ടും റെയ്ഡ് നടത്തി പീഡിപ്പിക്കുന്നതും ഇപ്പോഴും തുടരുന്നുണ്ട്. അഴിമതിക്ക് നിയമസാധുത വരുത്താനാണിപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കം.
ജെയ് ഷായുടെ കോടികളുടെ അഴിമതി ദ വയര്‍ ഓണ്‍ലൈന്‍ പുറത്തുകൊണ്ട് വന്നതിനെത്തുടര്‍ന്നാണ് പത്രമാരണനിയമവുമായി ഇറങ്ങി പുറപ്പെടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. അതിന്റെ ആദ്യചുവടാണ് രാജസ്ഥാനില്‍ കൊണ്ടുവരുന്ന കരിനിയമം. ഇതുസംബന്ധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ നിയമസഭയില്‍ അവതരിപ്പിച്ചത് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സര്‍ക്കാരിന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള പരാതികളില്‍ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും അത്തരം പരാതികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ ഭരണകൂടത്തിന്റെ അനുമതി വേണമെന്നുള്ള കരിനിയമമാണ് പ്രാബല്യത്തില്‍ വരുത്താന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.
രാജസ്ഥാന്‍ സര്‍ക്കാരിന് എന്തൊക്കെയോ അഴിമതികള്‍ മൂടിവയ്ക്കാനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. ജഡ്ജിമാരെക്കൂടി ലിസ്റ്റില്‍ പെടുത്തിയത് അഴിമതി സംബന്ധിച്ച കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ അവര്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാന്‍ കൂടിയാകണം. അടുത്ത വര്‍ഷം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാന്‍ കൂടിയാകണം ഇത്തരമൊരു കരിനിയമജന്മത്തിന്റെ പിന്നാലെയെന്ന് കരുതേണ്ടിയിരിക്കുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ് ജിയും ഭരണഘടനാ വിദഗ്ധന്‍ ശാന്തി ഭൂഷണും ഇതിനകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. ബി.ജെ.പി ഇതര സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരിക്കണം സര്‍ക്കാര്‍ തലത്തില്‍ അഴിമതി നടത്തുന്നത്.
മണിപ്പൂരിലും ഗോവയിലും അതാണ് കണ്ടത്. ഗുജറാത്തില്‍ ഹാര്‍ദിക്ക് പട്ടേലിന്റെ ഏറ്റവും അടുത്ത അനുയായി നരേന്ദ്രപട്ടേലിന് ഒരു കോടി വാഗ്ദാനം ചെയ്തിലെ പത്ത് ലക്ഷം അദ്ദേഹം തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. അഴിമതി നടത്തി ആ പണം കൊണ്ട് എം.എല്‍.എമാരെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും വിലക്ക് വാങ്ങാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അത് പുറം ലോകം അറിയാതിരിക്കാന്‍ കരിനിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാരും. ഭരണഘടന ഉറപ്പു നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനും ജനാധിപത്യത്തെയും ഭരണഘടനയെയും അസ്ഥിരപ്പെടുത്താനും നിര്‍മിക്കപ്പെടുന്ന ഇത്തരം കരിനിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."