വിസാചതിയില്‍ പെട്ട് സഊദിയിലെത്തിയ ഒന്‍പതു മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: ആശുപത്രി ശുചീകരണ ജോലിക്കെന്നു പറഞ്ഞു കൊണ്ടുവന്ന മലയാളികള്‍ ഏറെ കാലത്തെ യാതനകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. വിസാ ചതിയില്‍ പെട്ട് ഇവിടെയെത്തിയ ഒന്‍പതു മലയാളികളാണ് ജിദ്ദ കോണ്‍സുലേറ്റിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.
സഊദിയിലെത്തിയ ഇവര്‍ക്ക് സ്‌പോണ്‍സര്‍ ആരെന്നോ ഏതാണ് ജോലിയെന്നോ അറിയാതെ മാസങ്ങളാണ് തള്ളി നീക്കേണ്ടി വന്നത്.
കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ട്രാവല്‍സുകള്‍ മുഖേനയാണ് യുവാക്കള്‍ ഇവിടെയെത്തിയത്. കണ്ണൂര്‍, പാലക്കാട് സ്വദേശികളായ കരപ്പോത്ത് വളപ്പില്‍ ദിനേശ്, പ്രജിത്ത് പ്രേമരാജന്‍ കുന്നത്ത്, സജിത്ത് കച്ചേരിവീട്ടില്‍, ജോമോന്‍ ജോളി, സജീഷ് മണിയറ വീട്, സുഭാഷ് കുന്നിക്കുറിവാന്‍, അനില്‍കുമാര്‍, ശാമില്‍ പാനേരി, രഞ്ജിത് കുമാര്‍ എന്നിവരാണ് വന്‍ തുക നല്‍കി വിസക്ക് നല്‍കി വഞ്ചിതരായത്. 1500 റിയാല്‍ ശമ്പളം, താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ വിസയ്ക്കായി ഇവര്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നല്‍കിയാണ് ഇവിടേക്ക് വന്നത്.
എന്നാല്‍, ഇവിടെയെത്തിയതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ജോലി ഇവിടെ ആശുപത്രിയില്‍ ഇല്ലെന്നും വഞ്ചിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞത്. ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നു മാസം കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അതുവരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണമെന്നുമായിരുന്നു മറുപടി. താമസ രേഖയില്ലാതെ കഷ്ടപ്പെട്ട് വിവിധയിടങ്ങളില്‍ ജോലിയെടുത്ത ഇവര്‍ കോണ്‍സുലേറ്റിനു പരാതി നല്‍കുകയായിരുന്നു.
ഒടുവില്‍ വിസ തരപ്പെടുത്തിയ ജിദ്ദയിലെ രണ്ടു മലയാളികളെ കണ്ടെത്തി പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിലാണ് തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ട്രാവല്‍സ് ഉടമയെ കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ അറസ്റ്റു ചെയ്യുകയും മറ്റു രണ്ടു ഏജന്റുമാര്‍ക്കെതിരെ മനുഷ്യ കടത്തിന് കേസെടുക്കുകയും ചെയ്തത്.
13 ദിവസത്തെ റിമാന്റിനു ശേഷം ട്രാവല്‍സ് ഉടമ പുറത്തിറങ്ങി. കേസ് നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വ്യാജ എമിഗ്രെഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസും ഇയാള്‍ക്കെതിരെ ചുമത്തിയ മറ്റൊരു കേസിലും അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."