തോമസ് ചാണ്ടിക്കെതിരേ ഇനിയെന്ത്?; എല്‍.ഡി.എഫിനെ വട്ടംകറക്കി ജനജാഗ്രത യാത്ര
കണ്ണൂര്‍: മന്ത്രി തോമസ്ചാണ്ടി കായല്‍ കൈയേറിയെന്ന് വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വൈകുമ്പോള്‍ എല്‍.ഡി.എഫ് സംസ്ഥാനത്ത് നടത്തുന്ന രണ്ടു മേഖലാ ജാഥകളിലും ഈ വിഷയത്തില്‍ തികഞ്ഞ ആശയക്കുഴപ്പം.
റിപ്പോര്‍ട്ടിനെതിരേ തോമസ് ചാണ്ടി നിയമപരമായി നീങ്ങാന്‍ കൂടി തീരുമാനിച്ചതോടെ ജനജാഗ്രതാ യാത്ര ഈ വിഷയത്തിലേക്ക് ചുരുങ്ങുമോയെന്ന ആശങ്കയാണ് സി.പി.എമ്മിനും എല്‍.ഡി.എഫിനുമുള്ളത്. ബി.ജെ.പിക്കുള്ള മറുപടിയായി തുടങ്ങിയ യാത്ര സര്‍ക്കാരിന്റെ പ്രതിരോധയാത്രയായി മാറുമോയെന്ന ഭയത്തിലാണ് എല്‍.ഡി.എഫ്.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷിക്കാനൊരുങ്ങവെ മന്ത്രി തോമസ് ചാണ്ടി ഭരണസംവിധാനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതി കലക്ടറുടെ റിപ്പോര്‍ട്ടോടെ പുറത്തുവന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന്് ജാഥാ അംഗങ്ങള്‍ക്ക് വ്യക്തമല്ല.
ഇന്നലെ വടക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് പ്രതികരിച്ചത്. നേരത്തെ കൈയേറ്റം സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചപ്പോഴും റിപ്പോര്‍ട്ട് പഠിച്ച ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നായിരുന്നു കോടിയേരി പ്രതികരിച്ചിരുന്നത്.
എന്നാല്‍, തോമസ്് ചാണ്ടിയെ ന്യായീകരിച്ച സര്‍ക്കാര്‍ നിലപാട് എടുക്കുകയും കലക്ടറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുമാണ് ആവശ്യപ്പെട്ടത്. ഈ വിശദമായ റിപ്പോര്‍ട്ടും മന്ത്രി കുറ്റക്കാരനാണെന്ന സൂചന നല്‍കുമ്പോള്‍ ഒരു രാഷ്ട്രീയ വിശദീകരണ ജാഥയില്‍ പാര്‍ട്ടിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിലപാട് ഉടന്‍ വ്യക്തമാക്കണമെന്നാണ് എന്‍.സി.പി ഒഴികെയുള്ള ഘടകകക്ഷികളുടെയും ആവശ്യം.
അതേസമയം മന്ത്രി രാജിവച്ചാല്‍ അത് എല്‍.ഡി.എഫിന്റെ ജാഥ അതിലേറെ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയുമുണ്ട്. ഒന്നര വര്‍ഷത്തിനിടെ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും മൂന്നു മന്ത്രിമാര്‍ പുറത്തുപോകേണ്ടി വരുന്ന സാഹചര്യത്തെ അത്ര വേഗത്തില്‍ രാഷ്ട്രീയമായി സി.പി.എമ്മിനോ എല്‍.ഡി.എഫിനോ നേരിടാന്‍ കഴിഞ്ഞേക്കില്ല.
ഈ സാഹചര്യത്തില്‍ ജാഥകളുടെ പര്യടനം കഴിയുന്നതുവരെ റിപ്പോര്‍ട്ടിലുള്ള നടപടി നീട്ടികൊണ്ടുപോകണമെന്ന ആവശ്യവും മുന്നണിയിലുണ്ട്. ഏതായാലും തികഞ്ഞ രാഷ്ട്രീയ വിജയം ലക്ഷ്യമിട്ട് ആരംഭിച്ച എല്‍.ഡി.എഫിന്റെ മേഖലാ ജാഥകളുടെ നിറം കെടുത്തിരിക്കുകയാണ് മന്ത്രിയുടെ കായല്‍ കൈയേറ്റവും കലക്ടറുടെ റിപ്പോര്‍ട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."